കൽപ്പറ്റ: കൊവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ ആദ്യസംഘത്തിൽ 15 വയനാട്ടുകാരും. ഇവർ ഇന്ന് (വ്യാഴം) ജില്ലയിലെത്തും. 4 പുരുഷൻമാരും 6 സ്ത്രീകളും 5 കുട്ടികളുമാണ് നാട്ടിലെത്തുന്നത്. തിരിച്ചെത്തുന്ന പ്രവാസികളിൽ രോഗലക്ഷണമുളളവരെ എയർപോർട്ടിൽ വെച്ചുതന്നെ ആശുപത്രിയിലേക്ക് മാറ്റും. മറ്റുളളവരെ ജില്ലയിലെ വിവിധ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ വെക്കും.

ഏഴ് ദിവസമാണ് കോവിഡ് സെന്ററിൽ കഴിയേണ്ടത്. ഇതിന് ശേഷം സ്രവ പരിശോധന നടത്തും. നെഗറ്റീവാണെങ്കിൽ വീട്ടിലേക്ക് വിടും. വീട്ടിൽ 14 ദിവസം കൂടി ഇവർ നിരീക്ഷണത്തിൽ തുടരണം.

തിരിച്ചെത്തുന്ന പ്രവാസികളുടെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.സി.മജീദിനെയും ഡി.ടി.പി.സി മാനേജർ ബി.ആനന്ദിനേയും നോഡൽ ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്.


നിരീക്ഷണത്തിൽ 77 പേർ കൂടി
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 77 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 787 ആയി. ബുധനാഴ്ച്ച 456 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. 554 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 473 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 71 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 637 സർവൈലൻസ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 309 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 328 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 14 ചെക്ക് പോസ്റ്റുകളിലായി 3200 വാഹനങ്ങളിൽ 5202 പേരെ സ്‌ക്രീൻ ചെയ്തു.

ട്രക്ക് ഡ്രൈവർമാർ പരിശോധനയ്ക്ക് വിധേയരാകണം
ചെന്നൈ കോയമ്പേട് മാർക്കറ്റ് സന്ദർശിച്ച ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ഇവിടെ നിന്ന് തിരിച്ചെത്തിയ ഡ്രൈവർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിർദ്ദേശം.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക ലിസ്റ്റ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ സന്ദർശനവേളയിൽ അതാതിടങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുകയും അവർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം.