covid

കോഴിക്കോട്: കൊവിഡ് പ്രതിരോധം ഊർജ്ജിതമായി തുടരവെ ജില്ലയിൽ നിരീക്ഷണത്തിൽ അവശേഷിക്കുന്നത് 749 പേർ മാത്രം. ഇന്നലെ 396 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പിന്നിട്ടവരുടെ എണ്ണം 22,899 ലേക്ക് ഉയർന്നു. പുതുതായി വന്ന ഒൻപത് പേർ ഉൾപ്പെടെ 18 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഒൻപത് പേരെ ഡിസ്ചാർജ്ജ് ചെയ്തു.

ഇന്നലെ 63 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2119 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1969 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 1939 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 150 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇപ്പോൾ കൊവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരും ചികിത്സയിലില്ല.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 13 പേരെ ഇന്നലെ കൗൺസലിംഗിന് വിധേയരാക്കി. 145 പേർക്ക് ഫോണിലൂടെയും സേവനം നൽകി. ജില്ലയിൽ 2572 സന്നദ്ധസേന പ്രവർത്തകർ 8192 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.

ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കൊറോണ കൺട്രോൾ സെല്ലിന്റെ പ്രവർത്തനം അവലോകനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർമാർ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.