fish

അത്തോളി: കുനിയിൽ കടവ് ; ചെമ്മീൻ കൃഷിയിൽ തുടങ്ങി 15 വർഷം കൊണ്ട് ദേശീയതലത്തിൽ ശ്രദ്ധേയനായ മത്സ്യകർഷകൻ കൂടത്തംകണ്ടി മനോജിന്റെ കർമ്മഭൂമിയാണിത്. മനോജിന്റെ നാഷണൽ അക്വാ ഫാമിൽ മാർച്ച് 11ന് തുടങ്ങിയ പൂമീൻ വിളവെടുപ്പ് ഇപ്പോഴും തുടരുകയാണ്. ലോക്ക് ഡൗണിൽ കുരുങ്ങിയ നാട്ടുകാർക്ക് ഇതു വലിയ അനുഗ്രഹവുമായി.

അഞ്ച് ഏക്കറുള്ള ജലാശയത്തിലെ മിശ്രകൃഷിയിൽ പ്രത്യേകം തിരിച്ച 80 സെന്റിൽ നിക്ഷേപിച്ച 10000 പൂമീൻ കുഞ്ഞുങ്ങളെ എട്ടു മാസത്തെ വളർച്ചയ്‌ക്കു ശേഷമാണ് പിടിക്കുന്നത്. 800 ഗ്രാം മുതൽ ഒന്നര കിലോ വരെയാണ് തൂക്കം. കിലോയ്‌ക്ക് 300 രൂപ വിലയിൽ എട്ട് ലക്ഷം രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

മനോജ് തുടങ്ങിയത് ചെമ്മീൻ കൃഷിയിലാണ്. എന്നാൽ വിലയിടിവും വൈറസ് ബാധയും കാരണം അത് പ്രതിസന്ധിയിലായി. തുടർന്നാണ് കരിമീൻ, പൂമീൻ, കാളാഞ്ചി കൃഷികളിലേക്ക് ചുവടുമാറ്റിയത്. ഇന്ന് ജില്ലയിലെ മികച്ച കരിമീൻ വിത്തുത്പാദന കേന്ദ്രം കൂടിയാണിവിടം. കരിമീൻ കുഞ്ഞുങ്ങളെയും വിൽക്കുന്നുണ്ട്. നീർനായയെപ്പോലുള്ള ജലജീവികളെ പ്രതിരോധിക്കുവാനുള്ള ജൈവവേലി, പ്രളയമടക്കമുള്ള പ്രതിസന്ധികളെ അതിജീവിക്കുനുന്ന നെറ്റ് സംവിധാനം, മത്സ്യകൂടുനിർമ്മാണം, പ്രജനനത്തിന് സാഹചര്യമൊരുക്കുവാൻ അമ്മത്തൊട്ടിൽ തുടങ്ങി ചെലവു കുറഞ്ഞ ലളിതമായ സംവിധാനങ്ങൾ മനോജ് പരീക്ഷിച്ചു വിജയിച്ചു. വ്യാപകമല്ലാതിരുന്ന ആദ്യകാലഘട്ടത്തിൽ വെള്ളത്തിലിട്ടാൽ പെട്ടെന്ന് അലിയാത്ത മത്സ്യത്തീറ്റയും അദ്ദേഹം വികസിപ്പിച്ചെടുത്തു.

അതിനിടെ, മനോജിന്റെ കൃഷിരീതികൾ ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിൽ പാഠ്യവിഷയവുമായി.

മനോജിന്റെ വിശേഷങ്ങൾ

1. മികച്ച പൂമീൻ കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം (2018-19)

2. മികച്ച മത്സ്യകർഷകനുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പൈസസ് റിസർച്ച് അവാർഡ്

3. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം

4. അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് ആൻഡ് മനേജ്മെന്റ് അതോറിട്ടി (ആത്മ) അവാർഡ്

 തൂക്കം

800 ഗ്രാം മുതൽ 1.5 കിലോ വരെ

കിലോഗ്രാമിന് വില- 300 രൂപ