കോഴിക്കോട്: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ജില്ലയിൽ 567 ക്വാറന്റൈൻ കേന്ദ്രങ്ങളും ചികിത്സാസൗകര്യവും ഒരുക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് ക്വാറന്റൈൻ കേന്ദ്രങ്ങൾ. ചികിത്സ ആവശ്യമായി വരുന്നവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഇതിനായി 16 വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. മെഡിസിൻ, സർജറി, ഓർത്തോ, ഫിസിക്കൽ മെഡിസിൻ വാർഡുകളാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവരെ നിരീക്ഷണത്തിലാക്കുന്നതിന് നഗരത്തിലെ മൂന്നു സ്വകാര്യ ആശുപത്രികളിലും ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
കോഴിക്കോട് കോർപ്പറേഷനിലാണ് കൂടുതൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ. 35 കെട്ടിടങ്ങൾ കണ്ടെത്തിയതിൽ ആദ്യഘട്ടത്തിൽ ഉപയോഗപ്പെടുത്താനായി പത്ത് കേന്ദ്രങ്ങളുടെ ചുമതല ഇന്നലെ രാവിലെ തന്നെ ഉദ്യോഗസ്ഥർ ഏറ്റെടുത്തു. നഗരത്തിലെ അഞ്ചു ഹോട്ടലുകൾക്കു പുറമെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ്, ഐ.എം.ജി ഗസ്റ്റ് ഹൗസ്, കാലിക്കറ്റ് ഓർഫനേജ് ഹോസ്റ്റൽ എന്നിവയും ഇതിലുൾപ്പെടും.
ക്വാറന്റൈൻ കേന്ദ്രങ്ങളുടെ നടത്തിപ്പിനായി മേൽനോട്ടസമിതികളുണ്ടാകും. താമസച്ചെലവ് വഹിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും എവിടെ പാർപ്പിക്കണമെന്ന് തീരുമാനിക്കുക.കോർപ്പറേഷനിലും മലപ്പുറത്തോട് അടുത്തുകിടക്കുന്ന ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർ സി. ബിജുവാണ് പ്രവർത്തനം ഏകോപിപ്പിക്കുക. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് അവിടുത്തെ ഭക്ഷണവുമാവാം.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നുണ്ടെങ്കിലും ആദ്യഘട്ടത്തിൽ ഇത് ഉപയോഗപ്പെടുത്തില്ല. കൂടുതൽ ആളുകൾ എത്തുന്നതോടെ മാത്രമെ ഇവ വേണ്ടിവരൂ.
സൗകര്യങ്ങൾ പൊതുവെ കുറവായ പഞ്ചായത്തുകളിൽ പെട്ടവർക്ക് മറ്റിടങ്ങളിൽ സൗകര്യമൊരുക്കും. ആൾതാമസമില്ലാത്ത വീടുകളും ക്വാറന്റൈൻ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്.