van

പാലക്കാട്: പാലിയേക്കര ടോൾഗേറ്റ് തകർത്ത് എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ വാൻ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിൽ പാതയോരത്തുനിന്ന് കണ്ടെത്തി. എക്‌സൈസ് അധികൃതർക്ക് പിടികൊടുക്കാതെ പോയ വാനിൽ സ്പിരിറ്റായിരുന്നു എന്നാണ് വിവരമുണ്ടായിരുന്നത്. പക്ഷേ, വാഹനം കണ്ടെടുക്കുമ്പോൾ സ്പിരിറ്റിനും പകരം 15 ചാക്ക് തവിടായിരുന്നു ഉണ്ടായിരുന്നതെന്ന് ചിറ്റൂർ സർക്കിൾ എക്‌സൈസ് ഇൻസ്‌പെക്ടർ വി. രാകേഷ് പറഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്ന ആട്ടയാംപതി സ്വദേശികളായ അരുൾ ജ്യോതി (28), വിനയൻദാസ് (31) എന്നിവർ നേരിട്ട് കീഴടങ്ങി. എന്നാൽ, തൊണ്ടിമുതലില്ലാത്തിനാൽ നിലവിൽ ഇവർക്കെതിരെ എക്‌സൈസിന് കേസെടുക്കാനാവില്ലെന്നും ടോൾ ഗേറ്റ് തകർത്തതിന് പൊലീസിന് വേണമെങ്കിൽ കേസെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ എക്‌സൈസ് അധികൃതരെ വെട്ടിച്ച് മംഗലം ഡാമിലെ ഊടുവഴികളിലൂടെ ചിറ്റൂർ ഭാഗത്തേക്ക് കടന്ന വാൻ, ചൊവ്വാഴ്ച രാത്രി പട്രോളിങ്ങിന് ഇടയാണ് ചിറ്റൂർ സർക്കിൾ എക്‌സൈസ് സംഘം കണ്ടെത്തിയത്. നമ്പർ പരിശോധിച്ചപ്പോൾ കഴിഞ്ഞദിവസം ടോൾ ഗേറ്റ് തകർത്ത് ഉദ്യോഗസ്ഥരെ വെട്ടിച്ചുവന്ന വാഹനമാണെന്ന് തിരിച്ചറഞ്ഞു. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം, വാനിൽ തവിട്‌ പൊടി നിറച്ച ചാക്കിൽ ഒളിപ്പിച്ച് പാൻമസാല വിറ്റിരുന്നതായി ഡ്രൈവർ മൊഴി നൽകി. പൊള്ളാച്ചിയിൽ നിന്ന് കോഴികൾ വാങ്ങി കച്ചവടം നടത്തുന്നവരാണ് ഇരുവരും. പൊള്ളാച്ചിയിൽ നിന്ന് പാൻ മസാല വാങ്ങി കേരളത്തിൽ വിൽപ്പന നടത്താറുമുണ്ട്. ഇത്തരത്തിൽ പൊള്ളാച്ചിയിൽ നിന്ന് വാങ്ങിയ 9000 പായ്ക്കറ്റ് പാലിയേക്കര ഭാഗത്തുവിറ്റഴിക്കുന്നതിനിടെ, ഒരു ചാക്ക് പാൻമസാല ബാക്കിയുള്ളപ്പോഴാണ് എക്‌സൈസ് അധികൃതരെ കണ്ടത്. കൈയ്യിൽ കോഴിക്കച്ചവടം നടത്തിയതിന്റെയടക്കം മൂന്നര ലക്ഷം രൂപയുണ്ടായിരുന്നു. മഫ്തിയിലെത്തിയതിനാൽ ഉദ്യോഗസ്ഥരാണെന്ന് മനസിലായില്ലെന്നും പണം തട്ടാൻ വന്നവരാണെന്ന് പേടിച്ച് വാഹനം നിർത്താതെ രക്ഷപ്പെടുകയായിരുന്നെന്നുമാണ് ഇവർ നൽകിയ മൊഴി. മുമ്പ് വണ്ടിത്താവളത്തുവച്ച് പണം തട്ടിയെടുക്കാൻ ഒരു സംഘം ശ്രമിച്ചതിന്റെ അനുഭവമുള്ളതിനാലാണ് പേടിച്ചതെന്നും ബാക്കിയുണ്ടായിരുന്ന ഒരു ചാക്ക് പാൻമസാല ആട്ടയാംപതിയിൽവച്ച് കത്തിച്ച് കളഞ്ഞെന്നും പ്രതികൾ പറഞ്ഞു.

സ്പിരിറ്റുമായി കടന്നുകളഞ്ഞ വാൻ കണ്ടെത്തിയപ്പോൾ സ്ഫിരിറ്റ് തവിടായതിന് പിന്നിൽ വലിയ ഗൂഡാലോചന നടന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. ചിറ്റൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പിരിറ്റ് ലോബികളാണ് ഇതിന് പിന്നിലെന്നും കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയാണെന്നുമാണ് വ്യാപക ആക്ഷേപം.