മലപ്പുറം: പ്രവാസികളുമായി ദുബായിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്‌പ്രസിന്റെ പ്രത്യേക വിമാനം ഇന്നു രാത്രി 10.30ന് കരിപ്പൂരിലെത്തും. ഒൻപത് ജില്ലകളിലെ 189 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാവുക. മടങ്ങിയെത്തുന്നവരെ വിമാനത്താവളത്തിൽ കർശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. ഏറോബ്രിഡ്‌ജ് വഴി യാത്രക്കാരെ ആഗമന ഹാളിലെത്തിച്ച് ആരോഗ്യപ്രവർത്തകർ വിവരങ്ങൾ ശേഖരിച്ചശേഷം പരിശോധനയും ബോധവത്കരണവും നടത്തും. ആദ്യം തെർമ്മൽ സ്‌ക്രീനിംഗാവും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. മറ്റുള്ളവരെ കൊവിഡ് കെയർ സെന്ററുകളിലേയ്ക്ക് മാറ്റും. ഇതിനായി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ഹജ്ജ് ഹൗസിലടക്കം വിപുലമായ സൗകര്യങ്ങളേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, രോഗലക്ഷണങ്ങളില്ലാത്തവരും ആർ.ടി.പി.സി.ആർ പരിശോധനാഫലം നെഗറ്റീവ് ആയവരുമായ ഗർഭിണികൾ, 10 വയസിന് താഴെ പ്രായമുള്ളവർ, പ്രായാധിക്യത്താൽ ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, ഭിന്നശേഷിക്കാർ, അടുത്ത ബന്ധുവിന്റെ മരണം, അടുത്ത ബന്ധുക്കൾ ഗുരുതരാവസ്ഥയിലുള്ളവർ എന്നിവരെ കർശനമായ വ്യവസ്ഥകളോടെയും നിരന്തര ആരോഗ്യ നിരീക്ഷണം ഏർപ്പെടുത്തിയും വീടുകളിൽ പോകാനനുവദിക്കും.
മറ്റു ജില്ലകളിലേക്കുള്ളവരിൽ പ്രത്യേകിച്ച് രോഗലക്ഷണങ്ങളില്ലാത്തവരെ ടാക്‌സി വാഹനങ്ങളിലോ കെ.എസ്.ആർ.ടി.സി ബസുകളിലോ അതത് ജില്ലാ അധികൃതർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകിയ ശേഷം കൊണ്ടുപോകും. എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകളിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ എല്ലാ കൗണ്ടറുകൾക്കു മുന്നിലും യാത്രക്കാർക്ക് നിൽക്കാനായി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ ഹാളിൽ എത്തുന്നത് മുതൽ പുറത്തിറങ്ങും വരെ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
വിമാനത്താവളത്തിനുള്ളിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക സംവിധാനങ്ങൾ ജില്ലാ കളക്ടറും സംഘവും നേരിട്ട് വിലയിരുത്തി. ഇവയുടെ ട്രയൽ ഇന്നലെ വൈകിട്ട് എയർപോർട്ട് ഡയറക്ടറുടെ നേതൃത്വത്തിൽ നടന്നു. ഇന്നുരാവിലെ ഏഴിന് കളക്ടറുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പ്രത്യേക യോഗം ചേരും. ഒരാഴ്ചയ്ക്കിടെ റിയാദ്, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നായി മൂന്ന് വിമാനങ്ങൾ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങും.
നാളെ റിയാദിൽ നിന്നും മേയ് 11ന് മനാമയിൽ നിന്നും 13ന് കുവൈത്തിൽ നിന്നുമാണ് മറ്റു സർവീസുകൾ. മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കാൻ മലപ്പുറത്ത് 200 കൊവിഡ് കെയർ സെന്ററുകൾ സജ്ജീകരിച്ചതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, സ്വകാര്യ ഹോട്ടലുകൾ എന്നിവ ഉൾപ്പെടെയാണിത്. 2,051 സിംഗിൾ റൂമുകളും 3,048 ഡബിൾ റൂമുകളിലുമായി 11,778 പേരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളുണ്ട്.
യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം
മലപ്പുറം - 82
പാലക്കാട് - 8
കോഴിക്കോട് - 70
വയനാട് - 15
കണ്ണൂർ - 6
കാസർകോട് - 4
കോട്ടയം - 1
ആലപ്പുഴ - 2
തിരുവനന്തപുരം -1