migrant-labours

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തുടക്കമിട്ട ശ്രമിക് സ്പെഷ്യൽ ട്രെയിൻ സർവിസ് ഇന്നലെ ഭോപ്പാലിലേക്ക് തിരിച്ചു. കോഴിക്കോട് നിന്നുള്ള നാലാമത്തെ സർവിസാണിത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നായി 1,138 തൊഴിലാളികൾ മധ്യപ്രദേശിലേക്ക് മടങ്ങി.

കോഴിക്കോട് ജില്ലയിലെ നാല് താലൂക്കുകളിൽ നിന്നായുള്ള 331 പേർ സംഘത്തിലുണ്ട്. 15 കെ.എസ്. ആർ.ടി.സി ബസ്സുകളിലായി ഇവരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. താമരശ്ശേരി തഹസിൽദാർ സി മുഹമ്മദ് റഫീഖ്, ഭൂരേഖാ തഹസിൽദാർ പി.എസ്. ലാൽചന്ദ് എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്നു. വില്ലേജ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ റവന്യൂ ജീവനക്കാരും സന്നദ്ധപ്രവർത്തകരും ചേർന്നാണ് ഇവരുടെ കണക്കെടുപ്പ് നടത്തിയത്.

മലപ്പുറം ജില്ലയിൽ നിന്നുള്ള 358 തൊഴിലാളികളെ 11 ബസ്സുകളിലായി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ഏറനാട്, കൊണ്ടോട്ടി, തിരൂർ, തിരൂരങ്ങാടി താലൂക്കിൽ നിന്നുള്ളവരാണ് ഇവർ. പകുതി പേരും ഏറനാട് താലൂക്കിൽ നിന്നുള്ള തൊഴിലാളികളാണ്. കണ്ണൂരിൽ നിന്ന് 15 ബസ്സുകളിലായി എത്തിച്ചത് 449 തൊഴിലാളികളെയാണ്. ഒരു ബസിൽ പരമാവധി 30 പേർ മാത്രമെ ഉണ്ടായിരുന്നുള്ളൂ.

എല്ലാവരുടേയും വൈദ്യപരിശോധന നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇവർക്ക് ജില്ലാ ഭരണകൂടം ഭക്ഷണപ്പൊതിയും നൽകി.

ഇന്നലത്തെ ശ്രമിക് സ്പെഷ്യൽ കൂടിയായതോടെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള 3785 അന്യസംസ്ഥാന തൊഴിലാളികളും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നായി 807 തൊഴിലാളികളും സ്വദേശത്തേക്ക് മടങ്ങി. മധ്യപ്രദേശുകാർക്ക് മുമ്പേ ജാർഖണ്ഡ്, ബീഹാർ സ്വദേശികളാണ് നാട്ടിലേക്ക് മടങ്ങിയത്.

കോഴിക്കോട് നിന്ന്

331 പേർ

മലപ്പുറത്ത് നിന്ന്

358 പേർ

കണ്ണൂരിൽ നിന്ന്

449 പേർ