കോഴിക്കോട്: ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ കോഴിക്കോട് നഗരം താളം വീണ്ടെടുക്കുന്നു. നഗരത്തിൽ ഇന്നലെ കൂടുതൽ കടകൾ തുറന്നു. കൂടുതൽ വാഹനങ്ങളും നിരത്തിലിറങ്ങി. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട വസ്ത്ര വില്പന ശാലകൾക്ക് പ്രവർത്തിക്കാൻ കളക്ടർ അനുമതി നൽകിയതാണ്. ഇതോടെ അഞ്ചിൽ താഴെ ജീവനക്കാരുമായി ചെറുകിട വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ തുറന്നു.
രാവിലെ ഏഴു മുതൽ വൈകിട്ട് വരെയാണ് പ്രവർത്തനാനുമതി. നേരത്തെ അനുമതി ലഭിച്ച കടകളും തുറന്നതോടെ നഗരം പതിയെ പഴയ താളത്തിലേക്ക് നീങ്ങുകയാണ്. കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില്പന കേന്ദ്രങ്ങളും മൊബൈൽ ഷോപ്പുകളും സ്‌പെയർ പാർട്‌സ് കടകളുമെല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ട്.
ആഴ്ചകളായി പൂട്ടിയിടേണ്ടി വന്ന കടകൾ വൃത്തിയാക്കാനും സ്റ്റോക്കുള്ള വസ്ത്രങ്ങളും മറ്റും അടുക്കിവെക്കാനുമെല്ലാമാണ് ഇന്നലെ കൂടുതൽ സമയവും വ്യാപാരികൾ ഉപയോഗപ്പെടുത്തിയത്.
പൊതുഗതാഗത സംവിധാനമില്ലാത്തത്തിനാൽ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർ എത്തിത്തുടങ്ങിയിട്ടില്ല. ലോക്ക് ഡൗൺ കഴിയും വരെ കാര്യമായ കച്ചവടം പ്രതീക്ഷിക്കാനാവില്ലെന്നാണ് പൊതുവെ കട ഉടമകൾ പറയുന്നത്.
റോഡുകളിൽ തിരക്ക് വർദ്ധിച്ചതോടെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെയെല്ലാം ട്രാഫിക് സിഗ്‌നൽ സംവിധാനം വീണ്ടും തെളിഞ്ഞു. ദേശീയപാതയിലും സംസ്ഥാന പാതകളിലുമെന്ന പോലെ നഗരവീഥികളിലും തിരക്ക് ഗണ്യമായി കൂടി. നിയന്ത്രണം തുടരുന്നുണ്ടെങ്കിലും പാളയം മാർക്കറ്റ്, വലിയങ്ങാടി, സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിലെല്ലാം ആളുകൾ കൂടുതൽ വന്നു തുടങ്ങി. എസ്.എം സ്ട്രീറ്റ്, പാളയം, വലിയങ്ങാടി എന്നിവിടങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾക്ക് മാത്രമെ പ്രവർത്തനാനുമതിയുള്ളൂ. എസ്.എം സ്ട്രീറ്റിൽ ഓരോ വശത്തെയും കടകൾ ഇടവിട്ട് തുറക്കാൻ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല.
ബീച്ച്, മാനാഞ്ചിറ സ്‌ക്വയർ, സരോവരം പാർക്ക്, സിനിമാ തീയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിംനേഷ്യം, ടർഫ് ഗ്രൗണ്ടുകൾ, വ്യായാമ കേന്ദ്രങ്ങൾ, ജുവലറികൾ, ബഹുനില വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് ഇനിയും കാത്തിരിക്കണം. വിവിധ മത്സരങ്ങൾ, ടൂർണമെന്റുകൾ എന്നിവ സംഘടിപ്പിക്കുന്നതിനും ഓഡിറ്റോറിയങ്ങളിൽ ആളുകളേറെ കൂടുന്ന ചടങ്ങുകൾ ഒരുക്കുന്നതിനും വിലക്ക് തുടരുകയാണ്.
മാസ്‌കുകൾ ഉപയോഗിക്കാതെ ആളുകൾ പുറത്തിറങ്ങുന്നത് തടയാൻ പൊലീസ് പരിശോധന വ്യാപകമായുണ്ട്.
പൂട്ട് തുറക്കുന്നതും കാത്ത്
1. ബീച്ച്, മാനാഞ്ചിറ സ്‌ക്വയർ, സരോവരം പാർക്ക്
2. സിനിമാ തീയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ
3. ജിംനേഷ്യം, ടർഫ് ഗ്രൗണ്ടുകൾ, വ്യായാമ കേന്ദ്രങ്ങൾ
4. ജുവലറികൾ, ബഹുനില വ്യാപാര കേന്ദ്രങ്ങൾ