കോഴിക്കോട്: നഗരത്തിൽ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി കെ.എസ്.ഇ.ബി യുമായി ചേർന്ന് അടിയന്തരമായി നടപ്പാക്കാൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. 6.25 ലക്ഷം രൂപയുടെ പദ്ധതിയ്‌ക്കാണ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചത്. നഗരത്തിലെ കേടായ ട്യൂബ് ലൈറ്റുകൾ കെ.എസ്.ഇ.ബി മാറ്റും. ആവശ്യമുള്ള ട്യൂബുകളും സ്‌പെയർ പാർട്ടുകളും കോർപ്പറേഷൻ വാങ്ങി നൽകും.
6000 തെരുവ് വിളക്കുകളാണ് മാറ്റാനുള്ളത്. ഇതിൽ 3000 തെരുവ് വിളക്കുകൾ പെട്ടെന്നു മാറ്റും. മഴയ്ക്ക് മുമ്പ് പ്രവൃത്തി പൂർത്തിക്കുകയാണ് ലക്ഷ്യം.
നഗരത്തിൽ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ കരാർ കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് കോർപ്പറേഷനാണ് ഏറ്റെടുത്തത്. ഏപ്രിലോടെ 36,000 വിളക്കുകൾ മാറ്റുമെന്നായിരുന്നു നേരത്തെയുണ്ടാക്കിയ ധാരണ. എന്നാൽ ലോക്ക് ഡൗൺ കാരണം ഇത് നടന്നില്ല. ലോക്ക് ഡൗൺ കാരണം സ്‌പെയർ പാർട്ടുകൾ ചൈനയിൽ നിന്ന് എത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. അതേസമയം, കെ.എസ്.ഇ.ബിയ്ക്കൊപ്പം കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് കോർപ്പറേഷനും പ്രവൃത്തി തുടരും.
പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടി.വി. ലളിതപ്രഭ, നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.സി. അനിൽകുമാർ, കൗൺസിലർമാരായ പി.എം.നിയാസ്, നമ്പിടി നാരായണൻ, വിദ്യാ ബാലകൃഷ്ണൻ, കെ.ടി. ബീരാൻകോയ തുടങ്ങിയവർ സംസാരിച്ചു.
മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ
പ്രാദേശികമായി ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗ് നടത്തി. കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് സംസാരിച്ചു.
അതേസമയം, മുഖ്യമന്ത്രി മേയറെ സംസാരിക്കാൻ ക്ഷണിച്ചത് ആശയക്കുഴപ്പമുണ്ടാക്കി. മേയേഴ്‌സ് കൗൺസിൽ പ്രതിനിധിയെന്ന രീതിയിൽ തിരുവനന്തപുരം മേയറായിരിക്കും സംസാരിക്കുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നതെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.
എൽ.ഇ.ഡി പദ്ധതി ഇങ്ങനെ
നഗസഭ കൗൺസിൽ അംഗീകരിച്ചത് 6.25 ലക്ഷം രൂപയുടെ പദ്ധതി
മാറ്റുന്ന തെരുവ് വിളക്കുകൾ - 6,000
അടിയന്തരമായി മാറ്റുന്നത് - 3,000
ട്യൂബുകളും സ്‌പെയർ പാർട്ടുകളും കോർപ്പറേഷൻ നൽകും
കെ.എസ്.ഇ.ബിയ്‌ക്ക് കോർപ്പറേഷൻ നൽകാനുള്ളത് - 52 ലക്ഷം
''വൈദ്യുതി മന്ത്രിയുമായും കെ.എസ്.ഇ.ബി ചെയർമാനുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുത്തത്. നിലവിൽ കോർപ്പറേഷൻ 52 ലക്ഷം രൂപ കെ.എസ്.ഇ.ബിയ്ക്ക് നൽകാനുണ്ട്.
തോട്ടത്തിൽ രവീന്ദ്രൻ,
കോർപ്പറേഷൻ മേയർ