കോഴിക്കോട്: നഗരത്തിൽ കൃഷി വ്യാപിപ്പിക്കാൻ കോഴിക്കോട് കോർപ്പറേഷൻ. സമൃദ്ധി 2020 എന്ന പേരിൽ കോർപ്പറേഷൻ അംഗീകരിച്ച പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയായി നടപ്പാക്കാനാണ് കൗൺസിൽ യോഗത്തിൽ അംഗീകാരമായത്. മേയ് മാസം നടപ്പാക്കുന്ന ആറ് പദ്ധതികളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ചേന, ചേമ്പ് എന്നിവയടങ്ങുന്ന 340 രൂപയുടെ ഇടവിള കിറ്റ് 1875 പേർക്ക് നൽകാനിരുന്നത് 3000 പേർക്ക് നൽകും. കൂടാതെ 3000 പേർക്ക് ഇഞ്ചി, മഞ്ഞൾ വിത്തും നൽകും. നേന്ത്ര, ഗ്രാന്റ്‌നൈൻ ടിഷ്യൂ കൾച്ചർ വാഴത്തൈകൾ 1000 പേർക്ക് നൽകും. മട്ടുപ്പാവിലും വീട്ടുമുറ്റത്തും ഗ്രോ ബാഗ് കൃഷി 3000 ആക്കി ഉയർത്തും. തെങ്ങ് കൃഷി വ്യാപനത്തിനുള്ള വളം വിതരണം കൂട്ടും. ഒരു സെന്റ് ഭൂമിയിൽ 32 മൂട് എന്ന രീതിയിൽ കപ്പത്തണ്ട് കൂടുതൽ പേർക്ക് വിതരണം ചെയ്യാനും തീരുമാനമായി.