കോഴിക്കോട്: പ്രവാസികളുമായി ഇന്നലെ രാത്രി ദുബായിൽ നിന്നു കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ആദ്യ വിമാനത്തിൽ എത്തിയവരിൽ കോഴിക്കോട്ടുകാരായ 9 ഗർഭിണികളും പത്തു വയസ്സിന് താഴെയുള്ള 5 കുട്ടികളും ഉൾപ്പെടും.
അടിയന്തര ചികിത്സ ആവശ്യമുള്ള 26 പേരുണ്ടായിരുന്നു കൂട്ടത്തിൽ. 75 ന് മുകളിൽ പ്രായമുള്ള 7 പേരും. ഇവരെ കർശന വൈദ്യപരിശോധനയ്ക്ക് ശേഷം വീടുകളിലേക്ക് വിട്ടു. മറ്റു 27 പേരെ ആരോഗ്യ പരിശോധനയ്ക്ക് ശേഷം എൻ.ഐ.ടി ഹോസ്റ്റലിലെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റി.
ആദ്യവിമാനത്തിൽ മൊത്തം 189 യാത്രക്കാരാണുണ്ടായിരുന്നത്. ഏറ്റവും കൂടുതൽ മലപ്പുറത്തുകാരാണ് ; 80 പേർ. മാനദണ്ഡങ്ങൾ പാലിച്ച് കെ.എസ്.ആർ.ടി.സി ബസ്സിലാണ് കൊവിഡ് കെയർ സെന്ററിലേക്കുള്ളവരെ മാറ്റിയത്. ഒരാഴ്ചയാണ് ഇവർ അവിടെ കഴിയണം. ഒരാഴ്ച പൂർത്തിയാവമ്പോൾ കൊവിഡ് ടെസ്റ്റിനു ശേഷം രോഗബാധയില്ലാത്തവരെ ഏഴു ദിവസത്തെ നിരീക്ഷണ വ്യവസ്ഥയോടെ വീടുകളിലേക്ക് വിടും. രോഗലക്ഷണങ്ങളുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും.