രേഖകളില്ലാത്തവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കും
കൽപ്പറ്റ: ദേശീയതലത്തിൽ റെഡ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട ഇതര സംസ്ഥാനങ്ങളിലെ ജില്ലകളിൽ നിന്ന് വരുന്നവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ സെന്ററുകളിൽ പ്രവേശിപ്പിക്കും. രജിസ്‌ട്രേഷനോ ഏത് ജില്ലയിൽ നിന്നാണ് വരുന്നതെന്ന രേഖയോ ഇല്ലാത്തവരെയും ക്വാറന്റയിനിൽ താമസിപ്പിക്കും.
സന്ദർശകരെ അനുവദിക്കില്ല
വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളിലെ റെഡ് സോൺ ജില്ലകളിൽ നിന്നോ വരുന്നവരെ താമസിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റിൻ സെന്ററുകളിൽ സന്ദർശനത്തിന് കർശന വിലക്ക്. നിയുക്തരായ ഉദ്യോഗസ്ഥർ, പ്രസ്തുത കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെട്ട വോളണ്ടിയർമാർ എന്നിവരെ മാത്രമേ ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കൂ. ബന്ധുക്കൾക്കും സാമൂഹിക രാഷ്ട്രീയ മേഖലകളിലുള്ളവർക്കും വിലക്ക് ബാധകമാണ്.
മുത്തങ്ങ വഴി എത്തിയത് 231 പേർ
മുത്തങ്ങ: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി ഇന്നലെ ജില്ലയിൽപ്രവേശിച്ചത് 290 പേർ. ഇതിൽ 200 പേർ പുരുഷൻമാരും 65 പേർ സ്ത്രീകളും 25 പേർ കുട്ടികളുമാണ്. 89 പേരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. വയനാട്ടുകാരായ 34 പേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീന് നിർദ്ദേശിച്ചിട്ടുണ്ട്.
അമിത വില രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി
കൽപ്പറ്റ: കൊവിഡ് കാലത്ത് ക്രമക്കേടുകൾ നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികളുമായി ലീഗൽ മെട്രോളജി വകുപ്പ്. മാസ്‌ക് സാനിറ്റൈസർ, കുപ്പിവെള്ളം, സിമന്റ് തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കുന്നത് തടയാനും റേഷൻ കടകളിലെ ക്രമക്കേടുകൾ കണ്ടെത്താനുമായാണ് പരിശോധന. പാചകവാതക സിലിണ്ടറുകളിലെ തൂക്കക്കുറവ് കണ്ടെത്തിയതിനെ തുടർന്ന് മാനന്തവാടിയിലെയും ബത്തേരിയിലെയും ഓരോ ഏജൻസികൾക്കെതിരെ കേസെടുത്തു. സിമന്റിന് മാർക്കറ്റ് വിലയെക്കാൾ കൂടുതൽ വില ഈടാക്കിയതിന് മാനന്തവാടിയിലെ മൂന്ന് വ്യാപാരികൾക്കെതിരെ കേസെടുത്ത് 20000 രൂപ പിഴ ഈടാക്കി. മാസ്‌ക്, സാനിറ്റൈസർ, കുപ്പിവെള്ളം എന്നിവയ്ക്ക് അമിത വില ഈടാക്കിയതുൾപ്പെടെ ക്രമക്കേടുകൾ കണ്ടെത്തിയ 46 കേസുകളിൽ രണ്ടര ലക്ഷത്തോളം രൂപ പിഴ ഈടാക്കി. പരിശോധനയ്ക്ക് ജില്ലാ ഡെപ്യൂട്ടി കൺട്രോളർ രാജേഷ് സാം നേതൃത്വം നൽകി. ഉദ്യോഗസ്ഥരായ പി.ഫിറോസ്, കെ.ബിനോയ്, ആർ.മഹേഷ്ബാബു, എൻ.ബീരാൻകുട്ടി, എ.മുഹമ്മദ്, എ.വി.വാസുദേവൻ, സി.എസ്.റിനീഷ്, വി.എം.മനോജ്, ആർ.സി.ചന്ദ്രകിരൺ തുടങ്ങിയവർ പങ്കെടുത്തു.
ക്വാറി ടിപ്പറുകൾക്ക് വിലക്ക്
കൽപ്പറ്റ: ക്വാറി ഉല്പന്നങ്ങളുമായി വരുന്ന വാഹനങ്ങൾക്ക് ഇന്നും നാളെയും (8, 9) പ്രവേശന അനുമതി ഉണ്ടാകുകയില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മണ്ണ് സംരക്ഷണം, ലൈഫ് വീടുകൾ എന്നീ ആവശ്യങ്ങൾക്കു വേണ്ടിയാണ് നേരത്തെ ജില്ലാ ഭരണകൂടം ക്വാറി ഉല്പന്നങ്ങൾക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിങ്കളാഴ്ച (11) മുതൽ ഇത്തരം പ്രവർത്തികളുടെ ആവശ്യത്തിലേക്കുള്ള ക്വാറി ഉല്പന്നങ്ങൾ കയറ്റിയ വാഹനങ്ങൾക്കേ പ്രവേശനാനുമതി ഉണ്ടാകു. ബന്ധപ്പെട്ട വകുപ്പുകൾ ഇതിനായി പാസ് അനുവദിക്കും. കർശനമായ നിരീക്ഷണമാണ് ഇക്കാര്യത്തിൽ ഉണ്ടാകുകയെന്നും ജില്ലാ കളക്ടർ അറിയിച്ചു.
തൈകൾ വിതരണത്തിന്
കൽപ്പറ്റ: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കീഴിൽ തയ്യാറായിട്ടുള്ള മൂന്ന് ലക്ഷം വൃക്ഷതൈകൾ 27 മുതൽ വിതരണം ചെയ്യും. കൽപ്പറ്റ ചുഴലി, കുന്നമ്പറ്റ, ബത്തേരി മേലെ കുന്താണി, താഴെ കുന്താണി, മാനന്തവാടി ബേഗൂർ നഴ്സറികളിലാണ് തൈകൾ തയ്യാറായിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, മതസ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ നടുന്നതിനായി തൈകൾ സൗജന്യമായി നൽകും. തൈകൾ ആവശ്യമുള്ളവർ മുൻകൂട്ടി അപേക്ഷിക്കണം. ഫോൺ: കൽപ്പറ്റ 8547603846, മാനന്തവാടി 8547603853, ബത്തേരി 8547603850.