കൽപ്പറ്റ:കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് തിരിച്ചെത്തുന്നവർക്ക് ജില്ലാഭരണകൂടം ഒരുക്കിയത് മികച്ച സൗകര്യങ്ങൾ. കൊവിഡ് കെയർ സെന്ററുകളായി നേരത്തെ ഏറ്റെടുത്ത ഹോട്ടലുകളിലും റിസോർട്ടുകളിലുമാണ് ഇവരെ പാർപ്പിക്കുക. ഓരോ സെന്ററിലും പ്രത്യേകം അഡ്മിനിസ്‌ട്രേഷൻ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷണവും കുടിവെളളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നൽകുക.
വിദേശത്ത് നിന്ന് പതിനഞ്ച് പേരാണ് ജില്ലയിലേക്ക് ആദ്യഘട്ടത്തിൽ എത്തുന്നത്. ഇവരിൽ മൂന്ന് പേരെ കൽപ്പറ്റയിലെ കോവിഡ് കെയർ സെന്ററിൽ പാർപ്പിക്കും. ബാക്കിയുളളവരിൽ 4 പേർ ഗർഭിണികളാണ്. പത്ത് വയസിൽ താഴെയുളള 6 കുട്ടികളും മുതിർന്ന പൗരൻമാരായ 2 പേരും സംഘത്തിലുണ്ട്. ഇവരെയെല്ലാം നേരിട്ട് അവരവരുടെ വീടുകളിലേക്ക് നിരീക്ഷണത്തിൽ കഴിയാൻ അയയ്ക്കും. ഇവരെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ എത്തുന്ന ആളും നിരീക്ഷണത്തിൽ കഴിയണം.
(ചിത്രം)
നിരീക്ഷണത്തിൽ 204 പേർ കൂടി
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 204 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 931 ആയി. ഇതിൽ കൊവിഡ് സ്ഥിരീകരിച്ച 4 പേർ അടക്കം എട്ട് പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. വ്യാഴാഴ്ച്ച 60 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. 588 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 514 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 64 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 668 സർവൈലൻസ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 309 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 359 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പത്ത് കോവിഡ് കെയർ സെന്ററുകളിലായി 190 പേരുണ്ട്.
ജാഗ്രതാ സമിതികൾ പഞ്ചായത്തുകളിലെ മാപ്പിംഗ് പൂർത്തീകരിക്കാത്തതിനാൽ പല പഞ്ചായത്തുകളിലേക്കുമുളള ആളുകളെ നിലവിൽ ഒന്നിച്ചാണ് താമസിപ്പിച്ചിരിക്കുന്നത്. മാപ്പിംഗ് പൂർത്തിയാക്കുന്ന മുറയ്ക്ക് ആളുകളെ അതത് പഞ്ചായത്തുകളിലെ സെന്ററുകളിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മറ്റ് ജില്ലകളിൽ നിന്നുളളവരെയും ഇത്തരത്തിൽ അയയ്ക്കും.
രണ്ട് പഞ്ചായത്ത് പരിധികൾ കൂടി അടച്ചിടും
മാനന്തവാടി നഗരസഭ, എടവക ഗ്രാമപഞ്ചായത്ത് പരിധികൾ കൂടി പൂർണ്ണമായി അടച്ചിടുമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള അറിയിച്ചു. പ്രദേശങ്ങൾ ഹോട്ട്സ്‌പോട്ട് ലിസ്റ്റിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
സാമൂഹിക അകലം പാലിക്കാതെ പ്രവർത്തിച്ച ജില്ലയിലെ ഒരു ക്വാറി അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഇത്തരത്തിൽ അടച്ചുപൂട്ടും. ഈ സ്ഥാപനങ്ങൾ 14 ദിവസം പൂർത്തിയായശേഷം മാത്രമേ വീണ്ടും തുറക്കാൻ അനുവദിക്കുകയുളളൂ.
ട്രക്ക് ഡ്രൈവർമാർക്ക് താമസ സൗകര്യമൊരുക്കും
ജില്ലയിൽ നിന്ന് ചരക്കെടുക്കാൻ അന്യസംസ്ഥാനങ്ങളിൽ പോകുന്ന ട്രക്ക് ഡ്രൈവർമാർക്ക് തിരികെ എത്തിയാൽ താമസിക്കുന്നതിന് ജില്ലയിൽ പ്രത്യേകം സൗകര്യമൊരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. തമിഴ്നാട്ടിൽ ചരക്കെടുക്കാൻ പോയി തിരിച്ചുവന്ന ഡ്രൈവർക്കും ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. തിരിച്ചെത്തുന്ന ഡ്രൈവർമാർ രോഗബാധിതരാകാൻ ഇടവന്നാൽ വീട്ടിൽ കഴിയുന്നത് ബന്ധുക്കൾക്ക് രോഗം പകരുന്നതിന് സാധ്യതയൊരുക്കും. ഇത് ഒഴിവാക്കാനാണ് തീരുമാനം.
അവശ്യസാധനങ്ങൾ കൊണ്ടുവരാൻ ലോറികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെടുക്കുന്നതിന് പകരം ജില്ലയിലെ വാഹനങ്ങൾ തന്നെ ഉപയോഗിക്കാനുളള നിർദ്ദേശം എല്ലാ കച്ചവടക്കാർക്കും നൽകിയിട്ടുണ്ട്. ലോറികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനുളള നിരക്ക് ആർടി.ഒ നിശ്ചയിച്ച് നൽകും.