കോഴിക്കോട്: രണ്ടാഴ്ചയായി കൊവിഡ് പോസിറ്റീവ് കേസ് തീർത്തും ഒഴിഞ്ഞുനിൽക്കെ കോഴിക്കോട് ഗ്രീൻ സോണിലേക്ക് അടുക്കുന്നു.
ജില്ലയിൽ ഇതിനകം 22,899 പേർ നിരീക്ഷണം പൂർത്തിയാക്കിയതായി ഡി.എം.ഒ ഡോ.വി. ജയശ്രീ അറിയിച്ചു. പുതുതായി 155 പേർ ഉൾപ്പെടെ ഇപ്പോൾ ജില്ലയിൽ 904 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെയെത്തിയ 9 പേർ ഉൾപ്പെടെ 21 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 11 പേരെ ആശുപത്രിയിൽ നിന്നു ഡിസ്‌ചാർജ് ചെയ്തു.
ഇന്നലെ 94 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മാനസിക സംഘർഷം കുറയ്ക്കാൻ മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 7 പേരെ കൗൺസിലിംഗിന് വിധേയരാക്കി. ഫോണിലൂടെ 74 പേർക്ക് സേവനം നൽകി. 2,744 സന്നദ്ധസേന പ്രവർത്തകർ 8,914 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.