സുൽാൻ ബത്തേരി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവരെ പരിശോധിക്കുന്നതിനായി മുത്തങ്ങയിൽ മിനി ആരോഗ്യ കേന്ദ്രം പണിതുയർത്തിയത് മൂന്ന് ദിവസം കൊണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല.

മെയ് ഒന്നിനാണ് ജില്ലാ ഭരണകൂടം നിർമ്മാണ ചുമതല നിർമ്മിതി കേന്ദ്രത്തെ ഏൽപ്പിച്ചത്. അന്ന് വൈകീട്ട് തന്നെ മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപത്തായി ആരോഗ്യ കേന്ദ്രത്തിനുള്ള സ്ഥലം കണ്ടെത്തി. രാവും പകലും പണിയെടുത്ത് മെയ് മൂന്നിന് രാത്രിയോടെ 2500 സ്‌ക്വയർ ഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളോടുംകൂടി മിനി ആരോഗ്യ കേന്ദ്രം തയ്യാറായി.
ലോക്ക്ഡൗൺ സാഹചര്യത്തിൽ നോർക്കയിൽ രജിസ്റ്റർ ചെയ്ത് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് എത്തുന്നവരെ അതിർത്തിയിൽ തന്നെ പരിശോധിച്ച് ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും മിനി ആരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. കാത്തിരിപ്പ് കേന്ദ്രം, പൊലീസ് കൺട്രോൾ റൂം, സ്‌ക്രീനിംങ് സെന്റർ, സ്രവ പരിശോധന കേന്ദ്രം, ഭക്ഷണ കൗണ്ടറുകൾ, നിരീക്ഷണ ഉദ്യോഗസ്ഥർക്കുള്ള ഓഫീസ് എന്നീ സൗകര്യങ്ങളാണുള്ളത്.

ഒരേ സമയം 150 പേർക്ക് ഇരിക്കാൻ സാധിക്കുന്ന വിധത്തിലാണ് കാത്തിരിപ്പ് കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്ലറ്റുകളും ഒരുക്കിയിട്ടുണ്ട്. 1400 സ്‌ക്വയർ ഫീറ്റിൽ നാല് കൗണ്ടറുകളായാണ് സ്‌ക്രീനിംങ് റൂം തയ്യാറാക്കിയിട്ടുള്ളത്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് കൗണ്ടറിൽ എത്തുന്നതിനായി റാംപ് സൗകര്യവും ഉണ്ട്.

ഓരോ കൗണ്ടറുകളിലും ഐ.ടി മിഷനും ആരോഗ്യ വകുപ്പിനുമായി ആറ് ഉപ കൗണ്ടറുകളും ഉണ്ട്. സ്രവ പരിശോധനയ്ക്കായി മൂന്ന് കിയോസ്‌ക്കുകളാണുള്ളത്. ഭക്ഷണ കൗണ്ടറുകളും നിർമ്മിച്ചിട്ടുണ്ട്. ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിനും കേന്ദ്രത്തിന് ചുറ്റും വേലി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.
ജില്ലാ നിർമ്മിതി കേന്ദ്രം പ്രൊജക്ട് മാനേജർ ഒ.കെ.സാജിദിന്റെ നേതൃത്വത്തിൽ മൂന്ന് എഞ്ചിനീയർമാരും 50 തൊഴിലാളികളും ചേർന്നാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഒരു ദിവസം 18 മണിക്കൂറിലധികം തൊഴിലാളികൾ ജോലി ചെയ്തു.