കോഴിക്കോട്: സിമന്റ് കമ്പനികളുടെ തട്ടിപ്പിന് പഴി കേൾക്കുന്നത് വ്യാപാരികൾ. അടുത്തിടെ മലബാർ സിമന്റ്സ് ഉൾപ്പെടെ ആറ് പ്രമുഖ ഉത്പാദന കമ്പനികൾ സിമന്റ് വില കൂട്ടിയിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് മിക്ക വ്യാപാരികളുടെയും കസ്റ്റഡിയിൽ സിമന്റ് സ്റ്റോക്കുണ്ടായിരുന്നതാണ്. നിർമ്മാണമേഖലയിലെ നിയന്ത്രണങ്ങൾക്ക് സംസ്ഥാന സർക്കാർ ഇതിനിടയ്ക്ക് ഇളവും അനുവദിച്ചു. ഈ ഇടവേളയിലാണ് കമ്പനികൾ സിമന്റ് വില കൂട്ടിയത്.
പഴയ സ്റ്റോക്കുകൾ വില കൂട്ടി വിൽക്കരുതെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ഭൂരിപക്ഷം വ്യാപാരികളും പാലിച്ചതാണ്. പിന്നീട് പുതിയ സ്റ്റോക്കെടുക്കാനെത്തിയപ്പോഴാണ് കമ്പനികളുടെ ഗോഡൗണിലുള്ള പഴയ സിമന്റ് വില കൂട്ടി വ്യാപാരികളിൽ അടിച്ചേല്പിച്ചത്. വ്യാപാരികൾ എതിർത്തെങ്കിലും കമ്പനികൾ നിലപാടിൽ ഉറച്ചുനിന്നു. ലോക്ക് ഡൗൺ കാരണം സാമ്പത്തിക ബുദ്ധിമുട്ടിലായ മിക്ക വ്യാപാരികൾക്കും ഒടുവിൽ വഴങ്ങേണ്ടി വന്നു. ഇങ്ങനെ കിട്ടുന്ന സ്റ്റോക്ക് പുതിയ വിലയ്‌ക്ക് വിൽക്കുമ്പോഴാണ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തുന്നത്.
സിമന്റ് കടകൾ അടച്ചിടും
നഷ്ടം സഹിച്ച് സിമന്റ് വിൽക്കണമെന്ന് ശാഠ്യം പിടിച്ചാൽ സിമന്റ് കടകൾ അടച്ചിടേണ്ടി വരുമെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഇഫ്‌സുൽ റഹ്‌മാൻ പറഞ്ഞു. ഉദ്യോഗസ്ഥർ സിമന്റ് നിർമ്മാണ കമ്പനികളെ ആദ്യം നിലയ്ക്ക് നിറുത്തണം. 28 ശതമാനം ജി.എസ്.ടി നൽകി ചെറിയ ലാഭമെടുക്കുന്ന വ്യാപാരികളെ അപമാനിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സിമന്റ് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.