k

എലത്തൂർ: എരഞ്ഞിക്കൽ കഴുക്കാൽ വയലിൽ ഈ ലോക്ക് ഡൗൺ വേളയിൽ ജൈവ പച്ചക്കറി കൃഷിയിൽ കൊയ്തത് നൂറുമേനി. സർക്കാരിന്റെ നിയന്ത്രണങ്ങൾ തീർത്തും പാലിച്ചായിരുന്നു ഒന്നര ഏക്കർ തരിശുനിലത്ത് കൃഷി പരിപാലനവും വിളവെടുപ്പും.

ഏറെക്കാലമായി പൂനൂർ പുഴയിൽ ബണ്ട് കെട്ടിയത് കാരണം പുഴ വെള്ളം കയറി ഉപയോഗശൂന്യമായി കിടന്നതായിരുന്നു ഈ സ്ഥലം. വെള്ളം തടഞ്ഞു നിറുത്തി കൃഷിയിടം ഒരുക്കിയെടുക്കുകയായിരുന്നു.

കോഴിക്കോട് കോർപ്പറേഷൻ അയ്യങ്കാളി പ്രോജക്ട് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി കൃഷിയിടം സജ്ജമാക്കിയതിനു പിറകെ എലത്തൂർ കൃഷിഭവനിൽ നിന്നും എത്തിച്ച ഹൈബ്രിഡ് വിത്തുകളാണ് ഉപയോഗിച്ചത്. ചീര,വെണ്ട, മുളക്, പയർ, വഴുതിന, പാവൽ, പടവലം, വെള്ളരി, തണ്ണിമത്തൻ, കക്കിരി എന്നിവയെല്ലാം നന്നായി വിളഞ്ഞു.

കോഴിക്കോട് കോർപ്പറേഷൻ അഞ്ചാം ഡിവിഷൻ മെമ്പർ എൻ.പി. പത്മനാഭനും എലത്തൂർ കൃഷി ഓഫീസർ കെ നീനയും ചേർന്ന് വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.ജിഷ സംബന്ധിച്ചു.

പത്തിലേറെ കർഷകരെ അണിനിരത്തി കൃഷിയ്ക്ക് മുൻകൈയെടുത്തത് ഈസ്റ്റ് അമ്പലപ്പടി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി പച്ചക്കറി ഇനങ്ങൾ കഴിയുന്നതും ഒഴിവാക്കാൻ കൃഷി കൂടുതൽ വിപുലീകരിക്കാൻ ആലോചനയുണ്ട്. നെൽകൃഷി കൂടു ഏറ്റെടുക്കാനുള്ള പദ്ധതിയുമുണ്ട്.