കൊച്ചി: ലോക്ക് ഡൗണിൽ ദ്വീപുകളിൽ കുടുങ്ങിയവരെ തിരിച്ചയക്കാനും കേരളത്തിൽ കഴിയുന്ന ദ്വീപ് നിവാസികളെ തിരികെ എത്തിക്കാനും ലക്ഷദ്വീപ് ഭരണകൂടം ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. മടങ്ങേണ്ടവർക്കും എത്തേണ്ടവർക്കും രജിസ്റ്റർ ചെയ്യാമെന്ന് ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസൽ അറിയിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിൽ ഓൺലൈൻ പോർട്ടലിലേക്ക് ലിങ്ക് ലഭിക്കും. കൊവിഡ് പരിശോധിച്ച ശേഷമാകും ഇവരെ അതത് സ്ഥലങ്ങളിൽ എത്തിക്കുക.
ലക്ഷദ്വീപിൽ നിന്ന് മടങ്ങേണ്ട കേരളത്തിൽ നിന്നുള്ളവർ നോർക്കയിൽ രജിസ്റ്റർ ചെയ്യണം. അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് അവരെ മടക്കിഅയക്കും. മംഗലാപുരത്തും കോഴിക്കോട്ടും കുടുങ്ങിയ ദ്വീപ് നിവാസികൾ ആശങ്കപ്പെടേണ്ട. ഇവരെ എത്തിക്കാൻ മംഗലാപുരത്തേക്ക് കപ്പൽ അയക്കും. മംഗലാപുരത്ത് കൊവിഡ് പരിശോധനക്ക് ഐ.സി.എം.ആറിനോട് അനുമതി ചോദിച്ചിട്ടുണ്ട്. അല്ലെങ്കിൽ കൊച്ചിയിൽ എത്തിച്ച് പരിശോധന നടത്തി ദ്വീപിലേക്ക് കൊണ്ടുപോകും. കോഴിക്കോട്ടുള്ളവർക്കു അവിടെ പരിശോധന നടത്താൻ ശ്രമം തുടരുകയാണെന്നും എം.പി അറിയിച്ചു.