goods-train

കോഴിക്കോട്: ലോക്ക് ഡൗൺ വേളയിൽ ഒഴിഞ്ഞുകിട്ടിയ റെയിൽ പാളങ്ങളിലൂടെ ഗുഡ്സ് ട്രെയിനുകൾ പറക്കുംവേഗത്തിൽ!. പതിവു സ്പീഡിനെ അപേക്ഷിച്ച് ഇരട്ടിയിലേറെ വേഗത്തിലാണ് ഇപ്പോൾ ഗുഡ്സ് വണ്ടികളുടെ ഓട്ടം.

സാധാരണ നിലയിൽ ഗുഡ്സ് ട്രെയിനുകളുടെ ശരാശരി വേഗത 24 കിലോമീറ്ററാണ്. എന്നാൽ, യാത്രാവണ്ടികളുടെ ഓട്ടം നിലച്ചതോടെ ഇപ്പോൾ 53.15 കിലോമീറ്ററാണ് ഗുഡ്സ് ട്രെയിനുകളുടെ ശരാശരി വേഗത. കൊങ്കൺ റെയിൽവേയിൽ ഒരു പടി മുന്നിലാണ് സ്പീഡ് ; 54 കിലോമീറ്റർ. അവിടെയും വേഗതയുടെ വർദ്ധനവ് ഇരട്ടിയിലേറെയാണ്.

യാത്രാട്രെയിനുകളുടെ സമയക്രമം പാലിക്കാൻ പലയിടങ്ങളിലും ഗുഡ്സ് ട്രെയിനുകൾ പിടിച്ചിടുന്നതിനാൽ നേരത്തെ പൊതുവെ തപ്പിത്തടഞ്ഞ് ഒച്ചിന്റെ വേഗത്തിലായിരുന്നു ഇവയുടെ ഓട്ടം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിറകെ യാത്രാ വണ്ടികൾ കളമൊഴിഞ്ഞപ്പോൾ പാളങ്ങൾ പൂർണമായും ചരക്ക് വണ്ടികൾക്ക് തുറന്നുകിട്ടുകയായിരുന്നു. അതോടെ വേഗവും പ്രകടമായി കൂടി. ലോക്ക് ഡൗണികൾ ചരക്ക് വണ്ടികളുടെ സർവിസിലും കാര്യമായ മികവ് കൈവന്നു. സമയക്രമം പാലിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അവശ്യസാധനങ്ങൾ എത്തിക്കാൻ സാധിച്ചു. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സ്പെഷ്യൽ പാഴ്സൽ ട്രെയിൻ സർവീസുമുണ്ട്.

രാജ്യത്തെ മുഖ്യ റൂട്ടുകളിൽ ചരക്ക് ഗതാഗതത്തിനായി മാത്രം പ്രത്യേക റെയിൽ പാത നിർമ്മിക്കാനുള്ള പദ്ധതി പരിഗണിച്ചു വരികയാണ് റെയിൽവേ വകുപ്പ്.