കോഴിക്കോട്: കൊവിഡ് വ്യാപനത്തിനിടയിലും കേന്ദ്ര സർക്കാർ വിദ്വേഷ രാഷ്ട്രീയ നിലപാട് തുടരുകയാണെന്ന് ആരോപിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനവ്യാപകമായി ഹോം പ്രൊട്ടസ്റ്റ് ശൃംഖല തീർത്തു.
പൗരത്വ സമരത്തിന്റെയും ഡൽഹി കലാപത്തിന്റെയും മറപിടിച്ച് തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടുന്ന കേന്ദ്ര സമീപനത്തിൽ പ്രതിഷേധിച്ചായിരുന്നു വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭം. രാവിലെ പത്തിന് ശാഖാതലങ്ങളിൽ സംഘടനാ പ്രവർത്തകരുടെ വീടുകളിൽ നാലു പേർ സാമുഹികഅകലം പാലിച്ച്, കറുത്ത മാസ്‌ക് ധരിച്ച് പ്ലക്കാർഡുമേന്തിയായിരുന്നു പ്രതിഷേധം.
സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാർ, എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങിയവർ തങ്ങളുടെ വീടുകളിൽ സംഘടനാ ഭാരവാഹികളോടൊപ്പം സമരത്തിൽ പങ്കാളികളായി. യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ പ്രയോഗിച്ച് രാജ്യത്ത് ഭരണകൂട ഭീകരത ആവർത്തിക്കുകയാണന്ന് പ്രൊഫ.ആലിക്കുട്ടി മുസ്ല്യാർ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയ്ക്ക് 10 ലക്ഷം ഇ മെയിൽ പരാതികൾ അയക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർഹിച്ചിരുന്നു. ജനപ്രതിനിധികളും സംഘടനാ നേതാക്കളും ഉൾപ്പെടെ പതിനായിരങ്ങൾ ഇതിനകം ഇ മെയിൽ പരാതി അയച്ചു കഴിഞ്ഞു.