vasu

കുറ്റ്യാടി: മലയോര മേഖലയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥിയായിരുന്ന പുളത്തറ വാസു കാലയവനികയിലേക്ക് മറഞ്ഞിട്ട് മൂന്നു വർഷം പിന്നിടുന്നു. കുറ്റ്യാടിയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ വേരുറപ്പിക്കുന്നതിൽ ഇദ്ദേഹം അർപ്പിച്ച പങ്ക് അവിസ്മരണീയമാണ്. പുളത്തറ വാസു ശാഖാ സെക്രട്ടറിയായിരുന്ന 2001 - 2002 കാലഘട്ടത്തിൽ കുറ്റ്യാടിയിൽ യോഗത്തിന്റെ പ്രവർത്തനം സാമൂഹികരംഗത്ത് ചലനമുളവാക്കുന്ന തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയായിരുന്നു. ഗുരുദേവ ജയന്തി ആഘോഷത്തിനും സമാധി ദിനാചരണത്തിനും വിശ്വാസികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഭക്തിയുടെ നിറവിലുള്ള ചടങ്ങുകൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ചതയ ആഘോഷവേളയിൽ കുറ്റ്യാടി കേന്ദ്രീകരിച്ച് അയ്യായിരത്തിലേറെ പേർക്ക് അന്നദാനം ഒരുക്കിയിരുന്നു.

ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. കൊട്ടിഘോഷിച്ചായിരുന്നില്ല അതൊന്നും. കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ടവർക്ക് ആവുംവിധം മരുന്നും ഭക്ഷണവും എത്തിക്കുന്നത് വാസു ഒരു നിയോഗമായി കാണുകയായിരുന്നു. യോഗത്തിന്റെ കാര്യത്തിൽ പകരം വെക്കാനില്ലാത്ത തേരാളിയായിരുന്നു വാസുവേട്ടനെന്ന് കുറ്റ്യാടി ശാഖാ സെക്രട്ടറി കെ.പി.ദാസനും യോഗം പൊതുയോഗ പ്രതിനിധി പൂളത്തറ കൃഷ്ണനും അനുസ്മരിക്കുന്നു.

മതനിരപേക്ഷതയിൽ ഊന്നിയ സംസ്‌കാരം കുറ്റ്യാടിയിൽ വളർത്തുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹം. കേരളകൗമുദിയുടെ അടുത്ത അഭ്യുദയകാംക്ഷിയുമായിരുന്നു.

കൊയ്യമ്പാറ കുട്ടിയുടെയും കൊറ്റോത്ത് മാതയുടെയും അഞ്ചാമത്തെ മകനായാണ് പുളത്തറ വാസുവിന്റെ ജനനം. കുറ്റ്യാടി എം.ഐ.യു.പി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ചെറുപ്രായത്തിൽ തന്നെ കൃഷിയിൽ സഹായിച്ച് അച്ഛനൊപ്പം നിന്നു. 1973-ൽ വിവാഹശേഷം കുറ്റ്യാടിയിൽ ബിസിനസ് മേഖലയിൽ കേന്ദ്രീകരിച്ചു.

കുറ്റ്യാടിയിലെ പഴയകാല പ്രമുഖ ഹോട്ടൽ വ്യാപാരിയാണ്. ബിസിനസിലേക്ക് തിരിഞ്ഞപ്പോഴും കൃഷി കൈവിട്ടിരുന്നില്ല. അവസാനം വരെയും നല്ലൊരു കർഷകൻ കൂടിയായിരുന്നു അദ്ദേഹം. ഭാര്യ പരേതയായ ദേവി. മക്കൾ: വഹിദ, സവിത, സജിത്ത്. മരുമക്കൾ: രാധാകൃഷ്ണൻ, അജയ് സേതുമാധവ്.