കൽപ്പറ്റ: മുൻവർഷങ്ങളിൽ ജില്ല നേരിട്ട പ്രളയാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മഴക്കാല കെടുതികൾ നേരിടാൻ വില്ലേജ് തലങ്ങളിൽ രൂപീകരിച്ച സമിതികളെ ശക്തിപ്പെടുത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അദ്ധ്യക്ഷതയിൽ മഴക്കാല മുന്നൊരുക്ക നടപടികൾ വിലയിരുത്താൻ കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പ്രാദേശികമായുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സഹായകരമാകുന്ന തരത്തിലുളള ആളുകളെ ഉൾപ്പെടുത്തിയാണ് സമിതികൾ പുനസംഘടിപ്പിക്കുക. സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ സംബന്ധിച്ച അടിസ്ഥാന വിവരശേഖരണം നടത്തി പ്രത്യേകം കർമ്മപദ്ധതികളും തയ്യാറാക്കും. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കേണ്ട ഉപകരണങ്ങളുടെയും സേവന സന്നദ്ധരായ പ്രവർത്തകരുടെയും ലഭ്യത സംബന്ധിച്ചും ബദൽമാർഗങ്ങൾ, സുരക്ഷിത കേന്ദ്രങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചുളള വിവരങ്ങളും സമിതി ശേഖരിക്കും.
തുടർച്ചയായി അതിതീവ്ര മഴ പെയ്താൽ ജില്ലയിലെ ചിലയിടങ്ങളിൽ അപകട ഭീഷണി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ എ.ഡി.എം തങ്കച്ചൻ ആന്റണി, ഡെപ്യൂട്ടി കളക്ടർമാരായ ഇ.മുഹമ്മദ് യൂസഫ്, കെ അജീഷ്, സി.എം വിജയലക്ഷമി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപകട സാധ്യതയുള്ള പ്രദേശങ്ങളിലും സോയിൽ പൈപ്പിംഗ് പ്രതിഭാസം കണ്ട ഇടങ്ങളിലും ജാഗ്രത പുലർത്തും.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റുന്നതിന് സംവിധാനം ഒരുക്കും.
ബോട്ട്, വഞ്ചി, മരങ്ങൾ മുറിച്ച് മാറ്റുന്നതിനുളള ഉപകരണങ്ങൾ മുതലായവ സജ്ജമാക്കും.
ഓരോ പ്രദേശത്തെയും മഴയുടെ അളവ് ശേഖരിക്കും.
ക്യാമ്പുകളാക്കാവുന്ന കേന്ദ്രങ്ങൾ സജ്ജമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഓരോ വകുപ്പും പ്രത്യേകം നോഡൽ ഓഫീസർമാരെ നിയോഗിക്കും.
പൊതുസ്ഥലങ്ങളിൽ അപകടകരമായ വിധത്തിൽ നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശം. സ്വകാര്യ ഭൂമിയിലുളള ഇത്തരം മരങ്ങളും ശിഖരങ്ങളും ഉടമസ്ഥർ നീക്കം ചെയ്യണം.
പാതയോരങ്ങളിൽ അപകടഭീഷണി ഉയർത്തുന്ന ട്രാൻസ്‌ഫോർമറുകളും ഇലക്ട്രിക്ക് പോസ്റ്റുകളും പുന:സ്ഥാപിക്കും. റോഡുകളിലെ കുഴികൾ അടയ്ക്കും. വെളളക്കെട്ടുകൾ ഒഴിവാക്കാൻ ഓടകൾ വൃത്തിയാക്കാനും നിർദ്ദേശം നൽകി.