കൽപ്പറ്റ: കൊവിഡ് രോഗ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിച്ച പ്രവാസി സംഘത്തിൽ ഉൾപ്പെട്ട വയനാട്ടുകാരെ സ്വീകരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുലരുംവരെ കാത്തിരുന്നു. രാത്രി 10.30 ഓടെ കരിപ്പൂർ എയർപോർട്ടിൽ എത്തിയ പ്രവാസികൾ പരിശോധനകൾക്ക് ശേഷം കൽപ്പറ്റയിലെത്തിയത് വെള്ളിയാഴ്ച പുലർച്ചെ നാലിനാണ്.
സി.കെ.ശശീന്ദ്രൻ എം.എൽ.എ, കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് എന്നിവരും നോഡൽ ഓഫീസർമാരായ പി.സി.മജീദ്, കെ.ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും അത്രയും നേരം ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുകയായിരുന്നു.
യു.എ.ഇ.യിൽ നുന്നുള്ളവരാണ് തിരിച്ചെത്തിയ പ്രവാസികൾ. ഒരാളെ എയർപോർട്ടിൽ വെച്ച്തന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗർഭിണികൾ ഉൾപ്പെടെയുള്ള 16 പേർ പ്രീപെയ്ഡ് ടാക്സിയിൽ സ്വന്തം വീടുകളിലേക്ക് തിരിച്ചു. രണ്ട് പേരെ കെ.എസ്.ആർ.ടി. ബസിൽ കൽപ്പറ്റയിൽ എത്തിച്ചു. ഇവരെ കൽപ്പറ്റയിലെ ക്വാറന്റൈൻ സെന്ററിൽ പ്രവേശിപ്പിച്ചു.
മിനി ആരോഗ്യ കേന്ദ്രം രാവും പകലും സജീവം
ജില്ലയിലേക്ക് എത്തിയത് 2321 പേർ
കൽപ്പറ്റ: അന്യ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരെ സ്വീകരിക്കാൻ മുത്തങ്ങയിൽ ഒരുക്കിയ മിനി ആരോഗ്യ കേന്ദ്രം രാവും പകലും സജീവം. നിശ്ചയിക്കപ്പെട്ട എണ്ണത്തിന്റെ ഇരട്ടിയിലധികം പേരെയാണ് അഹോരാത്രം ജോലി ചെയ്ത് ഉദ്യോഗസ്ഥർ കയറ്റിവിടുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി വ്യാഴാഴ്ച പുലർച്ച വരെ ജില്ലയിലേക്ക് പ്രവേശിച്ചത് 2176 പേർ. ആദ്യ ദിവസം 267 പേരാണ് അതിർത്തി കടന്നെത്തിയത്. ഇതിൽ 106 പേർ മൈസൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ ചികിത്സയ്ക്ക് പോയ കുട്ടികളും രക്ഷിതാക്കളുമായിരുന്നു. മെയ് 5 ന് 550 പേരും 6ന് 656 പേരും 7ന് 703 പേരും 8ന് വൈകീട്ട് 4 വരെ 145 പേരുമാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.
മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം പണിത മിനി ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പരിശോധനകൾക്കും രേഖകളുടെ പരിശോധനയ്ക്കും ശേഷമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. രാവിലെ 8 മുതൽ ആരോഗ്യ കേന്ദ്രം സജീവമാണ്. മിക്ക ദിവസങ്ങളിലും പിറ്റേന്ന് പുലർച്ചെവരെ ജോലി ചെയ്ത് ആരോഗ്യ പ്രവർത്തകരും ജില്ലാ ഭരണകൂടത്തിന് കീഴിലെ മറ്റ് ഉദ്യോഗസ്ഥ സംഘവും ചേർന്ന് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാനുള്ള ജോലികളിൽ മുഴുകുന്നുണ്ട്. നോർക്ക വഴിയോ കൊവിഡ് ജാഗ്രത ആപ് വഴിയോ രജിസ്‌ട്രേഷൻ ഉള്ളവർക്കാണ് സമയക്രമം പാലിച്ച് പ്രവേശനം അനുവദിക്കുന്നത്. രജിസ്റ്റർ ചെയ്യാതെ നിരവധി പേർ എത്തുന്നതാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന സമയം നീളുന്നതിന് കാരണം.
മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സ്‌പോട്ടുകളിൽ നിന്ന് എത്തുന്നവരെ ക്വാറന്റൈൻ സെന്ററുകളിൽ പ്രവേശിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന് ലഭിച്ച നിർദേശം. വയനാട് ജില്ലയിലുള്ളവരെ വയനാട്ടിലെയും മറ്റ് ജില്ലകളിലേക്കുള്ളവരെ അതത് ജില്ലകളിലെയും ക്വാറന്റൈൻ സെന്ററുകളിൽ പ്രവേശിപ്പിക്കും. മറ്റ് ജില്ലകളിലേക്ക് പോകേണ്ടവരെ പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊണ്ടുപോകുന്നത്.
ചിത്രം: മുത്തങ്ങ ചെക്ക്‌പോസ്റ്റിലെത്തിയവർ മിനി ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയ്ക്ക് കാത്ത് നിൽക്കുന്നു.
ചെക്ക്‌പോസ്റ്റ് ചുമതല നൽകി
ബാവലി ചെക്ക്‌പോസ്റ്റിൽ സ്‌പെഷ്യൽ തഹസിൽദാർ (എൽ.ആർ) പി.ജെ.സെബാസ്റ്റ്യനെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതല നൽകി ജില്ലാ കളക്ടർ ഉത്തരവായി.