building

വടകര: താഴെ അങ്ങാടി കോതി ബസാറിലെ തകർച്ചയിലായ കെട്ടിടങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ചരക്ക് സംഭരണത്തിനും വ്യാപാരികൾക്കുമായി ചുങ്കം കടപ്പുറം മുതൽ ഒന്തം റോഡ് വരെയാണ് മാളിക കെട്ടിടങ്ങൾ നിർമ്മിച്ചത്. ഇവയിൽ പലതും തകരുകയാണ്. കോതി ബസാർ ഭാഗത്തുള്ള പഴയ ഡീലക്സ് ഹോട്ടലിന്റെകെട്ടിടത്തിന്റെ മേൽക്കൂര കഴിഞ്ഞ ദിവസത്തെ മഴയില്‍ തകർന്നതാണ് ഒടുവിടലത്തേത്.

മഴ ശക്തമാവുന്നതോടെ കെട്ടിടം പൂർണമായി തകരാനുള്ള സാധ്യത ഏറെയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളും, മത്സ്യക്കച്ചവടങ്ങളും, വിദ്യാലയങ്ങളും മറ്റും പ്രവർത്തിക്കുന്ന ഇവിടെ നൂറ് കണക്കിന് ആളുകളാണെത്തുന്നത്.

താഴെ അങ്ങാടി മനാർമുക്ക് ഭാഗം മുതൽ മുകച്ചേരി ഭാഗം ഫിഷറീസ് ഡിസ്‌പൻസറി വരെയുള്ള റോഡ് എട്ട് മീറ്ററാക്കാൻ പി.ഡബ്ലിയു.ഡി ഏറ്റെടുക്കാമെന്ന് ഉത്തരവിറങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ നഗരസഭ ഭരണ സമിതി, സന്നദ്ധ സംഘടനാ പ്രതിനിധികളെയും സംഘടിപ്പിച്ച് വികസന കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട കെട്ടിട ഉടമകളുടെ സഹകരണത്തോടെ മുനിസിപ്പൽ എൻജിനിയർ വിഭാഗം വികസനത്തിനാവശ്യമായ സ്ഥലം മാർക്ക് ചെയ്തിരുന്നു. എന്നാൽ എതിർവാദങ്ങൾ ഉയർന്നതോടെ എല്ലാം മുടങ്ങുകയായിരുന്നു.