വടകര: വ്യാഴാഴ്ച വൈകിട്ട് ആറരയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചോമ്പാല, നെല്ലാച്ചേരി ഭാഗങ്ങളിൽ വൻ നാശ നഷ്ടം. മരങ്ങൾ വീണ് വീടുകൾ തകർന്നു. കെ.എസ്.ഇ.ബിയ്ക്കും വൻ നഷ്ടമാണുണ്ടായത്. ശക്തമായ കാറ്റിൽ പോസ്റ്റുകളും ട്രാൻഫോർമറും ലൈനും തകർന്നു.
അഴിയൂർ പഞ്ചായത്തിലാണ് കൂടുതൽ നഷ്ടമുണ്ടായത്. കുന്നുമ്മൽ ജയപ്രകാശ്, കൊയിലോത്ത് രാമൻകുട്ടി, ശാരദ പടിഞ്ഞാറെനീളംപറമ്പത്ത്, പുലകുനിയിൽ ലീല, പാച്ചാലി മനോഹരൻ, മുക്കൂടത്തിൽ റഹ്മത്ത്, നടുചാലിൽ കമല, കുഞ്ഞിപ്പള്ളി പറമ്പത്ത് പ്രജീഷ്, ചിറമീത്തൽ അജയൻ എന്നിവരുടെ വീടുകളാണ് മരം വീണ് തകർന്നത്. ക്വാറന്റെനായി വിട്ടുകൊടുത്ത മുക്കാളി കൃസ്ത്യൻ പള്ളിയോടനുബദ്ധിച്ചുള്ള പെൺകുട്ടികൾക്കായുള്ള അഗതിമന്ദിരവും കാറ്റിൽ തകർന്നു.
ഏറാമല പഞ്ചായത്തിലെ നെല്ലാച്ചേരി, തട്ടോളിക്കര, കുന്നുമ്മക്കര ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ ചക്ക്യത്ത് ശാന്ത, അരിക്കോത്ത് പവിത്രൻ, പുതിയാടത്ത് മീത്തൽ അനന്തൻ, ഇല്ലത്ത് ശാന്ത, പാലേരി മൂസ, ഗണേശൻ തയ്യിൽ താഴകുനി, ബിജു കളരികുന്നുമ്മൽ, കല്ല്യാണി തയ്യിൽ താഴകുനി, ബാലകൃഷ്ണക്കുറുപ്പ് ദേവിസദനം എന്നിവരുടെ വീടുകളാണ് തകർന്നത്. അപകടം നടന്ന വീടുകളിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ, വില്ലേജ് ഓഫീസർ ശ്രീകുമാർ പഞ്ചയാത്ത് അംഗം സുധ മാളിയേക്കൽ, പി. ബാബുരാജ് , വി.കെ. അനിൽ കുമാർ തുടങ്ങിയവർ സന്ദർശിച്ചു.