കൽപ്പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 443 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1252 ആയി. ഇതിൽ കൊവിഡ് സ്ഥിരീകരിച്ച 4 പേർ അടക്കം ഒമ്പത് പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. വെള്ളിയാഴ്ച്ച 122 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. 646 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 537 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 99 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 744 സർവൈലൻസ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 427 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 317 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

നിർമ്മാണാനുമതി നീട്ടി
കൽപ്പറ്റ: ലോക്ഡൗൺ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച നിർമ്മാണാനുമതിയുടെ കാലപരിധിക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാത്ത കെട്ടിടങ്ങൾക്ക് നിർമ്മാണ കാലാവധി ദീർഘിപ്പിച്ച് ഉത്തരവായി. 2020 മാർച്ച് 10 ന് ശേഷം കാലാവധി അവസാനിച്ച എല്ലാ നിർമ്മാണങ്ങൾക്കും ഡിസംബർ 31 വരെ അനുമതി ഉണ്ടാകും.

ആശ വർക്കർ നിയമനം
പൊഴുതന: പൊഴുതന ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ആശ വർക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുതാനും വായിക്കാനും അറിയുന്ന കുറഞ്ഞത് എട്ടാം ക്ലാസ് യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം phc.pozhuthana@gmail.com ൽ ഇ.മെയിലായോ പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ടോ അപേക്ഷ നൽകണം. ഒമ്പതാം വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾ പഞ്ചായത്തിലും പി.എച്ച്.സി.യിലും ലഭിക്കും. അവസാന തീയതി മെയ് 15.

എം.എൽ.എ. ഫണ്ട് അനുവദിച്ചു
സുൽത്താൻ ബത്തേരി: എം.എൽ.എ.എസ്.ഡി.എഫിൽ ഉൾപ്പെടുത്തി ബത്തേരി മുനിസിപ്പാലിറ്റിയിലെ പൊലീസ് ക്വാട്ടേഴ്സിൽ കുഴൽകിണർ നിർമ്മിക്കുന്നതിന് 1,57,685 രൂപ അനുവദിച്ച് ജില്ലാ കളക്ടർ ഭരണാനുമതി നൽകി.

ലോക്ഡൗൺ മാതൃകയായി സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്
കൽപ്പറ്റ: ആരോഗ്യപ്രവർത്തകർക്ക് ഉപയോഗിക്കുന്നതിനായി ദി കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ 100 പി.പി.ഇ. കിറ്റുകൾ ജില്ലാ ഭരണകൂടത്തിന് നൽകി. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയ്ക്ക് ജില്ലാ കമ്മീഷണർ ഫാ.വിൽസൺ പുതുശേരി കിറ്റുകൾ കൈമാറി. നാഷണൽ കൗൺസിൽ അംഗം ഷൈനി മൈക്കിൾ, ജില്ലാ സെക്രട്ടറി മനോജ് മാത്യു എന്നിവർപങ്കെടുത്തു. സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് കുട്ടികളും അദ്ധ്യാപകരും ചേർന്നാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഇവരുടെ നേതൃത്വത്തിൽ രക്തദാനവും മാസ്‌ക് നിർമ്മാണവും നടത്തുന്നുണ്ട്. സകല 2020 എന്ന പേരിൽ ഫേസ് ബുക്ക് പേജിലൂടെ ഓൺലൈൻ ബോധവൽകരണ പ്രവർത്തനങ്ങളും കുട്ടികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർക്കായി നിരവധി മത്സരങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ നിർമ്മാണവും ക്വിസ് മത്സരവും നടത്തുന്നുണ്ട്. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.എം.ബാലകൃഷ്ണൻ തന്റെ ഒരു മാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ചിത്രം:

സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് പി.പി.ഇ. കിറ്റുകൾ ജില്ലാ കളക്ടർക്ക് കൈമാറുന്നു

വൈദ്യുതി മുടങ്ങും
കാട്ടിക്കുളം സെക്ഷനിലെ ഏറാളമൂല, അനന്തോത്ത്കുന്ന്, വയൽക്കര, ചേലൂർ, ഒന്നാംമൈൽ, മണ്ണണ്ടി, അംബേദ്കർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പനമരം സെക്ഷനിലെ പരിയാരം, കൃഷ്ണമൂല, അമ്മാനി, അഞ്ചുകുന്ന്, വാഴമ്പാടി എന്നിവിടങ്ങളിൽ മെയ് 9, 11 തീയതികളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ പേരാൽ, ടീച്ചർമുക്ക്, പതിമൂന്നാംമൈൽ, പത്താംമൈൽ, ഉതിരഞ്ചേരി, മഞ്ഞൂറ, അംബേദ്കർ കോളനി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
അമ്പലവയൽ സെക്ഷനിലെ ആയിരംകൊല്ലി, മട്ടപ്പാറ, ആണ്ടിക്കവല, ചീങ്ങേരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ നാലാംമൈൽ, ദ്വാരക, ഐ.ടി.സി, പാസ്റ്റർ സെന്റർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

രജിസ്റ്റർ ചെയ്യാത്തവർക്ക് പ്രവേശനം അനുവദിക്കില്ല
കൽപ്പറ്റ: അയൽ സംസ്ഥാനത്ത് നിന്ന് രജിസ്റ്റർ ചെയ്യാതെ എത്തുന്നവരെ മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള അറിയിച്ചു. രജിസ്റ്റർ ചെയ്യാതെ എത്തുന്നത് നിരീക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതിലടക്കം പ്രയാസങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൃത്യമായ രജിസ്‌ട്രേഷൻ നടപടികൾ നടത്താതെ ആളുകൾ അതിർത്തിയിലെത്തി പരിശോധനാകേന്ദ്രങ്ങളിൽ വലിയ തിരക്ക് സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. ഇത്തരത്തിൽ ആളുകൾ വരുന്നത് പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ഭീഷണിയാകുന്നുണ്ട്. കൃത്യമായ സാമൂഹ്യഅകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് രോഗവ്യാപനത്തിന് സാധ്യത കൂട്ടും. അതുകൊണ്ട് അനുവദിക്കപ്പെട്ട സമയത്ത് മാത്രമെ യാത്രക്കാർ എത്താൻ പാടുളളുവെന്നും കളക്ടർ പറഞ്ഞു
കൊവിഡ് ജാഗ്രത പാസ് ഉപയോഗിച്ചാണ് അയൽ സംസ്ഥാനത്ത് നിന്ന് പ്രവേശനം അനുവദിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ രജിസ്റ്റർ ചെയ്ത വാഹനം ലഭ്യമായില്ലെങ്കിൽ മറ്റ് വാഹനങ്ങൾ ഉപയോഗിക്കുന്നതിനായി യാത്രക്കാർ പ്രത്യേകം വാഹനപാസിന് അപേക്ഷിക്കണം. കർണ്ണാടക സർക്കാറിന്റെ സേവാസിന്ധു പാസിൽ രജിസ്റ്റർ ചെയ്യാതെ എത്തുന്ന വാഹനങ്ങളെ തിരിച്ച് പോകാൻ അവർ അനുവദിക്കുന്നില്ല. അതിനാൽ റിട്ടേൺ പെർമിറ്റ് ഇല്ലാതെ എത്തുന്ന കർണ്ണാടക ടാക്സികളെയും സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ല.
മൂലഹളളി ചെക്ക് പോസ്റ്റിൽ വെച്ചാണ് ഇനി മുതൽ പരിശോധന നടക്കുക. രജിസ്‌ട്രേഡ് വാഹനത്തിൽ രജിസ്‌ട്രേഡ് ആയിട്ടുളള ആളുകൾ എത്തിയാൽ അവരെ പരിശോധനയ്ക്ക് ശേഷം കടത്തിവിടും. മെയ് എട്ടാം തിയ്യതി വരെയുളള പാസുകളിൽ എത്തുന്നവരെയും കടത്തിവിടും. എന്നാൽ ഈ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുളള ആളുകൾ രജിസ്റ്റർ ചെയ്യാത്ത വാഹനത്തിൽ എത്തുകയാണെങ്കിൽ അവരുടെ വാഹനം അതിർത്തിയിൽ യാത്ര അവസാനിപ്പിക്കണം. ഇവർക്ക് അതിർത്തിയിൽ നിന്നും പരിശോധനകൾക്ക് ശേഷം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ടാക്സിയിൽ യാത്ര തുടരാം. രജിസ്റ്റർ ചെയ്യാത്ത ആളുകൾ രജിസ്റ്റർ ചെയ്ത വാഹനത്തിൽ എത്തുകയാണെങ്കിൽ അവരെയും സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ല. കുറച്ച് പേർ രജിസ്റ്റർ ചെയ്യുകയും കുറച്ച് പേർ രജിസ്റ്റർ ചെയ്യാതെയും രജിസ്റ്റർ ചെയ്യാത്ത വാഹനത്തിലെത്തുകയാണെങ്കിൽ രജിസ്റ്റർ ചെയ്തവർക്ക് അതിർത്തിയിൽ നിന്ന് ടാക്സിയിൽ യാത്ര തുടരാം. രജിസ്റ്റർ ചെയ്യാത്തവർ വന്ന വാഹനത്തിൽ തന്നെ തിരിച്ച് പോകണം. രജിസ്റ്റർ ചെയ്ത വാഹനത്തിൽ രജിസ്റ്റർ ചെയ്തവരും രജിസ്റ്റർ ചെയ്യാത്തവരുമായ ആളുകളെ കയറ്റി എത്തുകയാണെങ്കിൽ മുഴുവൻപേരെയും തിരിച്ചയയ്ക്കുമെന്നും കളക്ടർ പറഞ്ഞു.
ഇന്നലെ രാവിലെ ജില്ലാ കളക്ടർ മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപത്തെ മിനി ആരോഗ്യ കേന്ദ്രം സന്ദർശിച്ചു. രജിസ്റ്റർ ചെയ്യാതെ അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ യാത്രക്കാരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.