സുൽത്താൻ ബത്തേരി: ലോക്ഡൗണിനെ തുടർന്ന് ഓട്ടോ റിക്ഷകൾ നിരത്തിലിറക്കാൻ കഴിയാതെ ഓട്ടോ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തി വന്നവരാണ് ഓട്ടം നിലച്ചതോടെ ദുരിതത്തിലായത്.

ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കിട്ടുമെങ്കിലും ഭൂരിപക്ഷം ഓട്ടോ ഡ്രൈവർമാരും ക്ഷേമനിധിക്ക് പുറത്താണ്.
വായ്പയെടുത്തും മറ്റും വാങ്ങിയതാണ് നിരത്തിലിറങ്ങിയിരിക്കുന്ന പാസഞ്ചർ ഓട്ടോറിക്ഷകളിൽ ഭൂരിഭാഗവും. കൂടുതലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തവരാണ്. അടവ് കൃത്യമായി ചെന്നില്ലെങ്കിൽ വാഹനം പിടിച്ചെടുത്തുകൊണ്ടുപോകും.

ഓട്ടം നിലച്ചതോടെ വായ്പ അടവ് എങ്ങനെ നടത്തുമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് ഇവർ.
സോൺ അനുസരിച്ച് ചില പ്രദേശങ്ങളിൽ നിയന്ത്രണം പാലിച്ച്‌കൊണ്ട് വാഹനഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും ഓട്ടോ ടാക്സികൾക്ക് ഓടാൻ അനുവാദം നൽകിയിട്ടില്ല. റെഡ്‌സോണിലൊഴികെ എല്ലായിടത്തും നിയന്ത്രണങ്ങളോടെ കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും കടകളിലേക്ക് വരുന്നതിനും സാധനങ്ങൾ വാങ്ങിപോകുന്നതിനും സാധാരണക്കാർ ഉപയോഗിച്ചുവരുന്നത് ഓട്ടോറിക്ഷകളാണ്. ലോക്ഡൗൺ നീളുകയാണങ്കിൽ ചുരുങ്ങിയ വണ്ടികൾ നമ്പർ പ്രകാരം ഓരോ പ്രദേശത്തും ഓടാൻ അനുവാദം നൽകണമെന്നാണ് ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

ഫോട്ടോ