hg1

കോഴിക്കോട്: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നീക്കിയിരിപ്പ് ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയതിനെതിരായ ഹർജിയിലുള്ള ഹൈക്കോടതിയുടെ നിരീക്ഷണം ദേവസ്വത്തിനും സർക്കാരിനും തിരിച്ചടിയാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആരോപിച്ചു. ദേവസ്വം ചെയർമാന്റെ നടപടി ചോദ്യം ചെയ്ത് ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. നാരായണൻ കുട്ടിയാണ് കോടതിയെ സമീപിച്ചത്.
കോടതിവിധികളെ മറികടന്ന് ഗുരുവായൂർ ദേവസ്വം ബോർഡും ചെയർമാനും നടത്തുന്ന പ്രവൃത്തികൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ഒപ്പം ഭക്തജനങ്ങളുടെ പ്രതിഷേധക്കൂട്ടായ്മയും സംഘടിപ്പിക്കും. ഫണ്ട് വകമാറ്റിയതിൽ പ്രതിഷേധിച്ച് ക്ഷേത്രസംരക്ഷണ സമിതിയും ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും സംയുക്തമായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ അറസ്റ്റുചെയ്ത പൊലീസിന്റെ നടപടി അന്യായമാണ്. നിരപരാധികളെ അറസ്റ്റുചെയ്ത പൊലീസുദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു.