doctors

കോഴിക്കോട്: ആരോഗ്യ സംരക്ഷണമെന്നാൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുമല്ല, മറിച്ച് മനുഷ്യരുടെ പ്രതിരോധശേഷിയാണെന്ന് ലോകത്തിന് ബോദ്ധ്യപ്പെട്ടതായി കോഴിക്കോട് മെഡിക്കൽ കോളേജിലെ റിട്ട. പ്രൊഫസർ ഡോ.പി.കെ.ശശിധരൻ പറഞ്ഞു.

വാക്സിൻ ഇനിയും കണ്ടുപിടിക്കാനായിട്ടില്ലെന്നിരിക്കെ കൊവിഡിനെതിരെ കരളുറപ്പോടെ പൊരുതുകയാണ് വേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സ്കാൻഡിനേവിയൻ രാജ്യങ്ങൾ അനുവർത്തിക്കുന്ന റിവേഴ്സ് ക്വാറന്റൈൻ രീതി മാതൃകയായി കാണാം.

ലോക്ക് ഡൗൺ അനിശ്ചിതമായി നീട്ടുന്നതിൽ അർത്ഥമില്ല. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയെന്നതാണ് കൊവിഡിനെതിരായ ഏറ്റവും വലിയ ആയുധം. ഡോ.പി.കെ.ശശിധരന്റെ വാക്കുകളിലൂടെ.

 ലോക്ക് ഡൗൺ പൂർണ പരിഹാരമല്ല

രോഗം ഒരുമിച്ച് കൂടുതൽ പേരിലെത്തുന്നത് തടയാനേ ലോക്ക് ഡൗണിലൂടെ സാധിച്ചുള്ളൂ. പൂട്ടിവെച്ചതു കൊണ്ട് വൈറസിന് ഒന്നും സംഭവിക്കില്ല. ലോക്ക് ഡൗൺ ശാശ്വതമായ പരിഹാരമല്ല. രാജ്യം ഇനിയും പൂട്ടിയിട്ടാൽ സാമ്പത്തികരംഗം തകർക്കുകയല്ലാതെ മറ്റു ഗുണമൊന്നുമില്ല. ലോക്ക് ഡൗൺ മാറ്റിയാലും വ്യാപനമുണ്ടാകും.

 സ്കാൻഡിനേവിയൻ മാതൃക

ലോകത്ത് ഫലപ്രദമായി കൊവിഡിനെ പ്രതിരോധിച്ചത് സ്കാൻഡിനേവിയൻ രാജ്യങ്ങളാണ്. ലോക്ക് ഡൗണിന് പോകാതെ മിറ്റിഗേഷൻ മെത്തേഡാണ് (ശമന / ലഘൂകരണ രീതി) അവർ പിന്തുടരുന്നത്. സ്വീഡനുൾപ്പെടെയുള്ള ഈ രാജ്യങ്ങൾ റിവേഴ്സ് ക്വാറന്റൈൻ രീതിയാണ് സ്വീകരിച്ചത്. പ്രായം ചെന്നവരെ ക്വാറന്റൈൻ ചെയ്ത് മറ്റുള്ളവർ സാമൂഹിക അകലം പാലിച്ച് പുറത്ത് പോകുന്ന രീതിയാണിത്. 50 പേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടാതെയും പൊതുപരിപാടികൾ ഒഴിവാക്കിയും ബസ്സുകളിൽ അകലം പാലിച്ച് സീറ്റ് വിന്യാസമൊരുക്കിയുമാണ് അവർ കൊവിഡിനെ നേരിടുന്നത്.

 പേടി വിടാം

കൊവിഡിനെക്കാൾ വലുതാണ് പേടി. മരണത്തിന്റെ വ്യാപാരിയായാണ് എല്ലാവരും കൊവിഡിനെ കാണുന്നത്. എന്നാൽ കോവിഡിൽ മരണ നിരക്ക് കുറവാണെന്ന് ആരും മനസിലാക്കുന്നില്ല. വയസായവർക്കും മറ്റ് രോഗങ്ങളുള്ളവർക്കും മാത്രമേ മരണ സാദ്ധ്യതയുള്ളൂ. പേടി കാരണം ഡോക്ടർമാർക്ക് പോലും രോഗികളോട് കൃത്യമായി ഇടപെടാൻ സാധിക്കുന്നില്ല. പേടിച്ചിരുന്നിട്ട് കാര്യമില്ല. വൈറസിനെ പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്.

 യുവാക്കൾ മരിച്ചത് മറ്റു രോഗങ്ങൾ മൂലം

കൊവിഡ് കാരണം ലോകത്ത് മരിച്ചവരിൽ ബഹുഭൂരിപക്ഷവും വ‌ൃദ്ധരാണ്. അമേരിക്കയിൽ മരിച്ച പ്രായം കുറഞ്ഞവർക്ക് മറ്റു പലരോഗങ്ങളുണ്ടായിരുന്നു. ജീവിതശൈലി കാരണം പലപ്പോഴും അവർ ഇത് തിരിച്ചറിഞ്ഞിരുന്നില്ല. ന്യൂയോർക്കിൽ പണമില്ലാത്തവനും പണമുള്ളവനും തമ്മിലുള്ള അന്തരം വലുതാണ്. പാവങ്ങൾക്ക് ചികിത്സയില്ലാത്ത അവസ്ഥയാണ് അമേരിക്കയിൽ.

 ഒഴിവാക്കാം അമേരിക്കൻ മാതൃക

മനുഷ്യത്വം നഷ്ടപ്പെട്ട് ഉപഭോഗ സംസ്കാരത്തിന് പിന്നാലെ പോകുന്ന അമേരിക്കയെ മാതൃകയാക്കരുതെന്ന സന്ദേശം ലോകത്തിന് ലഭിച്ചു. അവിടത്തെ ആരോഗ്യരംഗത്തിന്റെ പൊള്ളത്തരങ്ങളും ലോകം കണ്ടു. അവരുടെ ചികിത്സാമേന്മയെന്നത് മാർക്കറ്റിംഗ് തന്ത്രം മാത്രമാണ്. ഇന്ത്യയ്ക്കിണങ്ങുന്ന ആരോഗ്യസംസ്കാരമാണ് നമുക്ക് വേണ്ടത്.

 മാറേണ്ടത് മിറ്റിഗേഷൻ രീതിയിലേക്ക്

കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടം കേരളവും ഇന്ത്യയും നല്ല രീതിയിൽ കൈകാര്യം ചെയ്തു. ഇനിയാണ് യഥാർത്ഥ വെല്ലുവിളി. മിറ്റിഗേഷൻ മെത്തേഡിലേക്ക് മാറാൻ ഇനിയും വൈകരുത്. പ്രവാസികളിൽ രോഗലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്ത് മറ്റുള്ളവരെ ഹോം ക്വാറന്റൈൻ ചെയ്യണം.

 മുഖ്യം പ്രതിരോധശേഷി

കൊവിഡിനെതിരെ വാക്സിൻ കണ്ടുപിടിക്കുക എന്ന് പറയുന്നതൊന്നും പെട്ടെന്ന് പ്രായോഗികമല്ല. ജനങ്ങൾക്ക് പ്രതിരോധശേഷിയുണ്ടാക്കുകയാണ് ഏകപോംവഴി. വരാൻ പോകുന്ന പുതിയ വൈറസുകളെയെല്ലാം ഇതിലൂടെ പ്രതിരോധിക്കാം. ആരോഗ്യപ്രശ്നമുള്ളവരെ മാത്രമേ കൊവിഡ് ഗുരുതരമായി ബാധിക്കൂ. വാക്സിൻ കൊടുക്കാതെ തന്നെ പ്രതിരോധശേഷിയുണ്ടാക്കണം. ചികിത്സയല്ല സമീകൃത ആഹാരവും ജീവിതശൈലിയുമാണ് യഥാർത്ഥ ആരോഗ്യസംരക്ഷണമെന്ന് ജനങ്ങളെ ബോധവത്കരിക്കണം. ആരോഗ്യം എന്താണെന്ന് അറിയാത്തവർക്ക് സാമൂഹ്യാരോഗ്യത്തെ പറ്റി അറിയില്ല. അതുകൊണ്ടാണ് സർക്കാരുകൾ വെന്റിലേറ്ററുകളുണ്ടാക്കാൻ മത്സരിക്കുന്നത്.