കോഴിക്കോട്: അന്യസംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാനസർക്കാർ ശ്രമിക്കുന്നില്ലെന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പ്രഫുൽ കൃഷ്ണൻ പറഞ്ഞു. മറ്റു സർക്കാരുകളെല്ലാം തങ്ങളുടെ നാട്ടുകാരെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കാൻ ശ്രമിക്കുമ്പോൾ പിണറായി സർക്കാർ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളോട് തൊട്ടുകൂടായ്മ കാണിക്കുകയാണ്. മേയ് 1 ന് കേന്ദ്ര സർക്കാർ തുടക്കമിട്ട ശ്രമിക് സ്പെഷ്യൽ ട്രെയിൻ ഉപയോഗപ്പെടുത്താത്തത് കേരളം മാത്രമായിരിക്കും. മറുനാടൻ മലയാളികളെ കെ.എസ്.ആർ.ടി.സി ബസുകളിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കണം. സാങ്കേതികപ്രശ്നം പറഞ്ഞ് അതിർത്തിയിൽ മണിക്കൂറുകളോളം ആളുകളെ തടഞ്ഞുനിറുത്തി പരിശോധിക്കുന്നത് ശരിയല്ലെന്നും പ്രഫുൽ പറഞ്ഞു.