കൊടിയത്തൂർ: കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ സാമൂഹ്യ സുരക്ഷയ്ക്കായി മെമ്പേഴ്സ് വെൽഫെയർ സ്കീം ആരംഭിച്ചു. 60 വയസ് വരെയുള്ള അംഗങ്ങളിൽ നിന്ന് പതിനായിരം രൂപ ഡെപ്പോസിറ്റ് സ്വീകരിച്ചാണ് സ്‌കീമിൽ ചേർക്കുന്നത്. 65 വയസ്സിനുള്ളിൽ അംഗം മരിച്ചാൽ മൂന്നു ലക്ഷം രൂപ ഒന്നുകിൽ ബാങ്കിലെ ബാദ്ധ്യതയിലേക്ക് വകയിരുത്തും. ബാധ്യതയില്ലെങ്കിൽ നോമിനിയ്ക്ക് മരണാനന്തര ആനുകൂല്യമായി നൽകും. ബാങ്കിലെ മുഴുവൻ അംഗങ്ങളെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടിട്ടുള്ളത്.
സ്കീമിന്റെ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) വി.കെ. രാധാകൃഷ്ണൻ ബാങ്ക് മെമ്പർ ആശ സെബാസ്റ്റ്യന് രേഖ കൈമാറി നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഇ.രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.വസീഫ്, ഡയറക്ടർമാരായ നാസർ കൊളായി, എ.സി.നിസാർ ബാബു, സന്തോഷ് സെബാസ്റ്റ്യൻ, സെക്രട്ടറി കെ.ബാബുരാജ് എന്നിവർ സംബന്ധിച്ചു.