കൽപ്പറ്റ: കൊവിഡ് രോഗ പശ്ചാത്തലത്തിൽ ജില്ലയിൽ 515 പേർകൂടി നിരീക്ഷണത്തിലായി. 101 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. ഇതോടെ നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1666 ആയി. എട്ട് പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 678 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 615 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 53 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 781 സർവൈലൻസ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 560 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 221 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ചെക്‌പോസ്റ്റ് വഴി
246 പേർ
മുത്തങ്ങ ചെക്‌പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളിൽ നിന്ന് 246 പേർ ജില്ലയിൽ പ്രവേശിച്ചു. 120 വാഹനങ്ങളും കടത്തിവിട്ടു. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെ പ്രവേശിച്ചവരുടെ എണ്ണം 2567 ആയി.
നാല് പ്രവാസികൾ കൂടി തിരിച്ചെത്തി
വയനാട്ടുകാരായ നാല് പ്രവാസികൾ കൂടി നാട്ടിൽ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി റിയാദ് കോഴിക്കോട് വിമാനത്തിലാണ് ഇവർ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. മൂന്ന് പേർ ഗർഭിണികളാണ്. ഇവർ ടാക്സി വാഹനങ്ങളിൽ സ്വന്തം വീടുകളിലേക്ക് മടങ്ങി. ഒരാളെ മലപ്പുറത്തെ കോവിഡ് കെയർ സെന്ററിൽ താമസിപ്പിച്ചു. ഇതോടെ ജില്ലയിൽ തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം 23 ആയി. വ്യാഴാഴ്ച എത്തിയ 19 പേരിൽ രണ്ട് പേർ കൽപ്പറ്റയിലെ കൊവിഡ് കെയർ സെന്ററിൽ കഴിയുന്നുണ്ട്.
മറ്റ് ജില്ലകളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ വേണ്ട
കൽപ്പറ്റ: സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ ഏതെങ്കിലും വിധത്തിലുള്ള രോഗ ലക്ഷണമുള്ളവർ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ വിവരമറിയിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയരാകണം. ജില്ലയിൽ തിരിച്ചെത്തി വീടുകളിലും കോവിഡ് കെയർ സെന്ററുകളിലും ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വീട്ടുകാരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തി സമ്പർക്കം ഒഴിവാക്കണം.
ഇന്ന് പൂർണ്ണ അടച്ചിടൽ
കോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ ഞായറാഴ്ചത്തെ പൊതു അടച്ചിടലിൽ മുഴുവൻ സ്ഥാപനങ്ങളും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മെഡിക്കൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും. ആശുപത്രികൾക്ക് സമീപത്തെ ഹോട്ടലിന് കൗണ്ടറുകളിലൂടെ ഭക്ഷണം വിതരണം ചെയ്യാം. ഓരോ അങ്ങാടിയിലും ഒരു ഭക്ഷ്യ വിതരണ സ്ഥാപനത്തിന് കൗണ്ടർ സജ്ജമാക്കി പ്രവർത്തിക്കാം. ഇതിനുള്ള അനുമതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകും. തോട്ടങ്ങളിൽ ജോലി നടത്താവുന്നതാണ്. സൈക്കിൾ സവാരിക്കും, കാൽനട യാത്രയ്ക്കും ഉപയോഗപ്പെടുന്ന പാത നിശ്ചയിച്ച് നൽകാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
തിരിച്ച് പോകാൻ രജിസ്റ്റർ ചെയ്തത് 4311 അന്യസംസ്ഥാന തൊഴിലാളികൾ
കൽപ്പറ്റ: ജില്ലയിൽ നിന്ന് സ്വന്തം നാടുകളിലേക്ക് തിരികെ പോകാനായി രജിസ്റ്റർ ചെയ്തത് 4311 അന്യസംസ്ഥാന തൊഴിലാളികൾ. കോവിഡ് 19 രോഗ വ്യാപന സാഹചര്യത്തിലാണ് ജില്ലയിൽ നിന്ന് തിരികെ നാട്ടിലേക്ക് പോകാൻ സന്നദ്ധത അറിയിച്ച് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അന്യസംസ്ഥാന തൊഴിലാളികൾ പേര് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ ഘട്ടങ്ങളായി ട്രെയിൻ മാർഗം നാടുകളിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്.
പനമരം 147, വെങ്ങപ്പള്ളി 42, വൈത്തിരി 80, കോട്ടത്തറ 50, പുൽപ്പള്ളി 100, മുട്ടിൽ 58, മൂപ്പൈനാട് 40, തിരുനെല്ലി 62, വെള്ളമുണ്ട 109, മുള്ളൻകൊല്ലി 32, നൂൽപ്പുഴ 17, നെൻമേനി 214, അമ്പലവയൽ 79, എടവക 233, മേപ്പാടി 132, തരിയോട് 99, പടിഞ്ഞാറത്തറ 50, കണിയാമ്പറ്റ 517, തവിഞ്ഞാൽ 242, പൊഴുതന 67, പൂതാടി 73, മീനങ്ങാടി 244, തൊണ്ടർനാട് 68 എന്നിങ്ങനെയാണ് ജില്ലയിലെ പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം.
കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ 722, സുൽത്താൻ ബത്തേരിയിൽ 277, മാനന്തവാടി മുനിസിപ്പാലിറ്റിയിൽ 557 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ പേരും ബംഗാൾ സ്വദേശികളാണ് 2422 പേർ, കർണാടക 38, തമിഴ്നാട് 113, മഹാരാഷ്ട്ര എട്ട്, മധ്യപ്രദേശ് 19, ഒഡിഷ 171, ജാർഖണ്ഡ് 319, അസം 176, രാജസ്ഥാൻ 145, അന്ധ്രാ പ്രദേശ് 15, ഉത്തർപ്രദേശ് 383, ഗുജറാത്ത് രണ്ട്, ബീഹാർ 449, ഉത്തരാഖണ്ഡ് ആറ്, നേപ്പാൾ 14, ഛത്തീസ്ഖണ്ഡ് 23, മണിപ്പൂർ ആറ്, മേഘാലയ ഒന്ന്, ഹരിയാന ഒന്ന് എന്നിങ്ങനെയാണ് തിരികെ പോകാനായി സന്നദ്ധത അറിയിച്ചത്.
നിലവിൽ ജില്ലയിലെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികൾക്കും കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി മറ്റ് അവശ്യ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
അന്യസംസ്ഥാനക്കാർക്ക് തൊഴിൽ നൽകണം
കൽപ്പറ്റ: ജില്ലയിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്ക് ലഭ്യതയ്ക്ക് അനുസരിച്ച് തൊഴിലുകൾ നൽകുന്നതിന് തൊഴിലുടമകൾ ശ്രമിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തൊഴിൽ ഇല്ലാതെ പ്രതിസന്ധിയിൽ കഴിയുന്നവരുടെ പ്രയാസങ്ങൾ ലഘൂകരിക്കാൻ തൊഴിൽ ലഭിക്കുന്നത് സഹായകമാവും. ഇക്കാര്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
സിമന്റ് വില 430 രൂപയായി നിശ്ചയിച്ചു
കൽപ്പറ്റ: ജില്ലയിൽ സിമന്റിന്റെ വിൽപ്പന വില 430 രൂപയായി നിശ്ചയിച്ചു. അമിത വിലയിൽ സിമന്റ് വിൽപ്പന നടത്തുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് വില ഏകീകരിച്ചത്. അമിത വില ഈടാക്കിയ രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന നിലപാടെടുക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.