സുൽത്താൻ ബത്തേരി: ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടക്കുന്നതിനായി അതിർത്തി കടന്നെത്തിയവർക്ക് ഒരു രാത്രിക്ക് ശേഷം അതിർത്തി കടക്കനായി. നോർക്ക വഴിയോ, കോവിഡ് 19 ജാഗ്രത ആപ് വഴിയോ രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് കടക്കുന്നതിന് യാതൊരുവിധ പാസും ഇല്ലാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴുപതോളം ആളുകൾക്കാണ് ഇന്നലെ കാലത്ത് താൽക്കാലിക പാസ് അനുവദിച്ചതിനെ തുടർന്ന് കേരളത്തിൽ കാലുകുത്താനായത്.
വെള്ളിയാഴ്ച രാവിലെ മുതൽ കേരള അതിർത്തിയായ കർണാടകയിലെ മൂലഹള ചെക്ക്‌പോസ്റ്റ് പരിസരത്ത് എത്തിയവർക്കാണ് ഒരു രാത്രിക്ക് ശേഷം ഇന്നലെ താൽക്കാലിക പാസ് ലഭിച്ചതോടെ അതിർത്തി കടക്കാനായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘമാണ് മൂലഹള ചെക്ക് പോസ്റ്റ് പരിസരത്ത് ക്യാമ്പ് ചെയ്തത്.
ജില്ലാ ഭരണകൂടം ഇടപെട്ട് സ്ത്രീകളെയും കുട്ടികളെയും രാത്രി സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. സംഘത്തിലെ പുരുഷന്മാർ ചെക്ക് പോസ്റ്റ് പരിസരത്ത് രാത്രി തങ്ങി. ഇന്നലെ രാവിലെ തന്നെ പാസില്ലാതെ എത്തിയവർക്ക് ജില്ലാ ഭരണകൂടം താൽക്കാലിക പാസ് നൽകിയശേഷം അതിർത്തി കടത്തിവിടുകയായിരുന്നു.
മറ്റു സംസ്ഥാനങ്ങളിലായി നിരവധി മലയാളികളാണ് കേരളത്തിലേക്ക് എത്തുന്നതിനായി കാത്തുകഴിയുന്നത്. കിട്ടുന്ന വാഹനങ്ങളിൽ എങ്ങിനെയെങ്കിലും നാട് പിടിച്ചാൽ മതിയെന്ന ചിന്തയിലാണ് മറ്റൊന്നും കാത്തുനിൽക്കാതെ അതിർത്തിയിലേക്ക് എത്തുന്നത്. ദുരിതപൂർണമായ അന്തരീക്ഷത്തിൽ നിന്ന് എങ്ങിനെയെങ്കിലും സ്വന്തം നാട്ടിലെത്തിച്ചേർന്നാൽ മതിയെന്ന് കരുതിയാണ് പാസിനൊന്നും അപേക്ഷിക്കാൻ മിനക്കെടാതെ കിട്ടുന്ന വാഹനത്തിൽ അതിർത്തിയിലേക്ക് എത്തുന്നതെന്ന് പാസില്ലാതെ എത്തിച്ചേരുന്നവർ പറയുന്നു. കേരളത്തോട് ചേർന്ന് കിടക്കുന്ന കർണാടകയിൽനിന്നുള്ളവരാണ് കൂടുതലും ഇങ്ങനെ എത്തുന്നത്.
രജിസ്‌ട്രേഷൻ ഉള്ളവർക്കാണ് സമയക്രമം പാലിച്ച് പ്രവേശനം നൽകുന്നത്. രജിസ്റ്റർ ചെയ്യാതെ നിരവധി പേർ എത്തുന്നത് മുത്തങ്ങ മിനി ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്. ഇത് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനസമയം നീളുന്നതിനും കാരണമാകുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ മുൻകൂട്ടി രജിസ്റ്റർചെയ്ത് വേണം അതിർത്തിയിലെത്താൻ. പരിശോധന കേന്ദ്രങ്ങളിൽ വലിയ തിരക്ക് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ അതിർത്തിയിലേക്ക് എത്തുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്തുവേണം എത്താനെന്ന് ജില്ലാ കലക്ടർ അറിയിച്ചു.