രാമനാട്ടുകര: കൊവിഡ് കാലത്തും സത്യനാഥ് രാമനാട്ടുകരയുടെ കലാ പ്രവർത്തനത്തിന് ലോക്ക് വീണില്ല. സർക്കാർ നിർദ്ദേശം പാലിച്ച്
കൊവിഡ് പശ്ചാത്തലമാക്കി വീട്ടുകാരും അയൽക്കാരും അഭിനയിക്കുന്ന ഹ്രസ്വചിത്ര നിർമ്മാണത്തിലാണ് ഈ കലാകാരൻ. ലോക്ക് ഡൗൺ കാലത്ത് പൂർത്തിയാക്കിയ ഗ്രാമ്യം, ഒരു കൈത്താങ്ങ് എന്നീ വീഡിയോകൾ ഇതിനകം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ്. രാമനാട്ടുകര നാടക ഗ്രാമത്തിലെ സുന്ദരനും ഗിരീഷ് പെരിഞ്ചേരിയും ചേർന്ന് തയ്യാറാക്കുന്ന 'റപ്പായിയും കുട്ടായിയും" എന്ന ഹ്രസ്വചിത്രവുമുണ്ട് പണിപ്പുരയിൽ. കേന്ദ്ര സർക്കാരിന്റെ യുദ്ധോപകരണ നിർമ്മാണ ശാലയിലും നീലഗിരിയിലെ അരുവങ്കാട്ടും മഹാരാഷ്ട്രയിലെ അംബർനാഥിലും മധ്യപ്രദേശിലെ ജബൽപ്പൂരിലും ചാലക്കുടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലും കൂടാതെ വിദേശത്തും ജോലി നോക്കിയ സത്യനാഥിന്റെ ജീവിതാനുഭവങ്ങൾ തന്നെയാണ് കലയുടെ കലവറയും.
സാഹിത്യത്തിലും അഭിനയത്തിലും ഒരുപോലെ മികവു തെളിയിച്ച ഈ പ്രതിഭ അഞ്ച് നോവലുകളും ഒരു നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോഹിതദാസ്, കലാഭവൻ മണി, ജോൺസൺ എസ്തപ്പാൻ, ജോസ് പല്ലിശ്ശേരി എന്നിവരുമായി ഉണ്ടായ സൗഹൃദം ചില സിനിമാ സംരംഭങ്ങൾക്ക് തുടക്കമായെങ്കിലും പൂർണതയിലെത്തിയില്ല. ആകാശവാണി തൃശൂർ , കോഴിക്കോട് നിലയങ്ങളിലൂടെ പ്രക്ഷേപണം ചെയ്ത നിരവധി റേഡിയോ നാടകങ്ങൾ രചിക്കുകയും ചിലതിന് ശബ്ദം
നൽകുകയും ചെയ്തു. ദേശീയ നാടകോത്സവത്തിൽ ഹിന്ദി നാടകങ്ങൾക്ക് മലയാള പരിഭാഷ നൽകി അഭിനയിച്ചു. ടെലിവിഷൻ സീരിയലുകളിലും മുദ്രപതിപ്പിച്ച ഈ കലാകാരൻ രാമനാട്ടുകര പ്രദേശത്തിന്റെ രാഷ്ട്രീയ സ്വാതന്ത്റ്യ സമര ചരിത്രവും പഴയ കുടുംബങ്ങളുടെ കഥകളും പറയുന്ന നോവൽ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഭാര്യ: ഇന്ദിര. മക്കൾ: വിപിൻ, വിനോദ്. മരുമക്കൾ; അനുപമ, മോനിഷ. ചെറുമക്കൾ: മാളവിക,നിഹാൽ, ഇഷാൽ, ശ്രദ്ധ.