പേരാമ്പ്ര: അന്യസംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്നെത്തുന്നവർക്കായി ചങ്ങരോത്ത്, ചക്കിട്ടപാറ മേഖലയിൽ ക്വാറന്റൈൻ കേന്ദ്രങ്ങളൊരുങ്ങി. ചങ്ങരോത്ത് തണൽ കോവിഡ് കെയർ സെന്ററിൽ പ്രവർത്തനം തുടങ്ങി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി 14 ദിവസത്തെ ക്വാറന്റൈൻ സൗകര്യമാണ് കരുണയിൽ ഒരുക്കുന്നത്. ഇതിനകം 175 പേർ നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചക്കിട്ടപാറ മേഖലയിൽ ബി.എഡ് കോളേജ് പ്രദേശത്തെ വിദ്യാലയങ്ങൾ പഞ്ചായത്തിലെ വിവിധ കോൺവെന്റുകൾ തുടങ്ങിയവ നിരിക്ഷണത്തിന് സജ്ജമായിട്ടുണ്ട്. സാമൂഹ്യ അടുക്കളയിൽ നിന്നാണ് ഭക്ഷണം ഒരുക്കിയത്. ചങ്ങരോത്തെ കേന്ദ്രത്തിൽ മുപ്പതും ചക്കിട്ടപാറ കോളേജിൽ പത്തും പേർക്കാണ് നിരിക്ഷണത്തിനുള്ള സൗകര്യമൊരുക്കിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിലെ സാമൂഹ്യ അടുക്കളയിലേക്കുള്ള ഭക്ഷണക്കിറ്റ് വിതരണവും ഊർജിതമായി. 'ഭയമല്ല ജാഗ്രതയാണ് വേണ്ടത്" എന്ന സന്ദേശവുമായി ഗ്രാമശ്രീ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാസ്‌ക് വിതരണം ചെയ്തു.