news

പേരാമ്പ്ര: ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകരുതെന്നാവശ്യപ്പെട്ടുള്ള നാലാം വാർഡിലെ ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ പുതിയ സമരമുഖം തുറന്നു. വീടുകളിൽ പ്ലക്കാർഡുകളുമായി സായാഹ്നധർണ നടത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ പങ്കാളികളായി.

ലോക്ഡൗൺ നീട്ടിയതു കാരണം അനിശ്ചിതകാല സത്യാഗ്രഹ സമരം മാറ്റിവച്ചിരുന്നു. തുടർന്നാണ് വീടുകളിൽ സായാഹ്ന ധർണ നടത്തിയത്. കവി വീരാൻ കുട്ടി ഉൾപ്പെടെയുള്ളവർ ഓൺ ലൈനിലൂടെ സമരത്തെ അഭിവാദ്യം ചെയ്തു. ജില്ലാ കലക്ടർ നിയോഗിച്ച വിദഗ്‌ദ്ധ സംഘമുൾപ്പെടെയുള്ള ഏജൻസികൾ ഖനനം പാടില്ലെന്ന നിലപാടെടുത്തപ്പോൾ കമ്പനി തട്ടിക്കൂട്ടിയ പാരിസ്ഥിതികാഘാത റിപ്പോർട്ടിന്റെ ബലത്തിൽ അനുമതി നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ചെങ്ങോടുമലയിൽ ഖനനം അനുവദിക്കില്ലെന്ന് സർക്കാർ ഉറപ്പ് തരണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.