കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ യു.എ.ഇ ആരോഗ്യവിഭാഗത്തിന്റെ അഭ്യർത്ഥന മാനിച്ച് ആസ്റ്റർ മിംസിൽ നിന്നു നഴ്‌സുമാർ ഉൾപ്പെടെ 88 ജീവനക്കാർ ദുബായിലേക്ക് യാത്ര തിരിച്ചു. ആറു മാസത്തെ കരാർ കാലാവധിയാണ് ഇവർക്ക്.
കോഴിക്കോട് ആസ്റ്റർ മിംസിലെ 10 നഴ്‌സുമാരും കണ്ണൂർ ആസ്റ്റർ മിംസിലെ ഒരാളുമാണ് സംഘത്തിലുള്ളത്. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു ചാർട്ടേഡ് ഫ്‌ളൈറ്റിലായിരുന്നു യാത്ര. ദുബായ് ഉൾപ്പെടെ പൂർവേഷ്യൻ രാജ്യങ്ങളിലെ മലയാളി നഴ്‌സുമാരുടെ മികച്ച സേവനം പരിഗണിച്ച് ദുബായ് ഹെൽത്ത് അഡ്മിനിസ്‌ട്രേഷൻ വിഭാഗം കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളിലെ ജീവനക്കാരുടെ സേവനം തേടുകയായിരുന്നു.
ദുബായ് സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന കേരളത്തിന്റെ ആതുരസേവന മേഖലയ്ക്കും നഴ്‌സുമാർക്കുമുള്ള അംഗീകാരമാണെന്നും ഇതിനായി ആസ്റ്റർ മിംസ് ഹോസ്പിറ്റലിനെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്നും ഡി എം ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.