പാലക്കാട്: കേരളത്തിന്റെ യാത്രാ പാസില്ലാതെ അതിർത്തിയിലെത്തിയ മലയാളികൾ വാളയാറിൽ കുടുങ്ങി. വയോധികർ, സ്ത്രീകൾ, കൈകുഞ്ഞുങ്ങളുമായെത്തിയവർ, പ്രമേഹം, ഹൃദ്രോഗമുള്ളവർ ഉൾപ്പെടെ 300 ഓളം ആളുകളാണ് ഇന്നലെ രാവിലെ മുതൽ വാളയാറിൽ കുടുങ്ങിയത്. അധികൃതർ അടിസ്ഥാന സൗകര്യങ്ങൾപോലും ഉറപ്പാക്കാത്തതിനാൽ കനത്ത വെയിലിൽ റോഡരികുകളിലും എൻ.എച്ചിന് സമീപത്തെ കുറ്റിക്കാടുകളിലുമാണ് പലരും താത്കാലിക അഭയംതേടിയത്.
നോർക്കയിൽ രജിസ്റ്റർ ചെയ്ത് തമിഴ്നാട് സർക്കാരിന്റെ മാത്രം പാസുള്ളവർ, കേരളത്തിന്റെ പാസിനായി ഓൺലൈനിൽ അപേക്ഷിച്ചിട്ട് കാത്തിരിക്കുന്നവർ, കേരളത്തിന്റെ പാസ് 11നും 12നും 13നും ലഭിച്ചവർ, പാസിനായി അപേക്ഷപോലും സമർപ്പിക്കാത്തവർ എന്നിവരാണ് ഇന്നലെ പുലർച്ചെ നാലോടെ അതിർത്തിയിലെത്തി കേരളത്തിലേക്ക് പ്രവേശിക്കാനാവാതെ പ്രതിസന്ധിയിലായത്. മെയ് എട്ടിന് തമിനാടിന്റെ യാത്രാ പാസ് ലഭിച്ച ഒരുസംഘം ജോബ് ട്രെയിനീസ് ഹോസ്റ്റലുകൾ വെക്കേറ്റ് ചെയ്ത് നാട്ടിലേക്ക് തിരിച്ചു. പക്ഷേ, കേരളത്തിലേക്കുള്ള പാസ് 12നാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഇനി അടുത്ത 48 മണിക്കൂർ എവിടേ താമസിക്കുമെന്നറിയാതെ ആശങ്കയിലാണ് ആറു പെൺകുട്ടികളുള്ള സംഘം. ഇതുപോലെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയവർ രാത്രി വൈകിയും ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിലും പാസില്ലാതെയെത്തിയവരെ കേരളത്തിലേക്ക് കടത്തിവിട്ടിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി 13000 ലധികം ആളുകൾ വാളയാർ വഴി കേരളത്തിലെത്തിയിട്ടുണ്ട്.
ഇന്നലെ അതിർത്തിയിൽ കുടുങ്ങിയവരിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പ്രഥാമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യംപോലും ഏർപ്പെടുത്താൻ അധികൃതർ തയ്യാറായില്ല. രാവിലെ 9 ഓടെ വി.കെ.ശ്രീകണ്ഠൻ എം.പി സ്ഥലത്തെത്തിയാണ് ഇവർക്ക് ഭക്ഷണം ഉറപ്പാക്കിയത്. ശേഷം വൈകീട്ട് അഞ്ചോടെ എം.പിമാരായ ടി.എൻ.പ്രതാപൻ, രമ്യാഹരിദാസ്, എനിൽ അക്കരെ എം.എൽ.എ എന്നിവരെത്തി യാത്രക്കാരുമായി സംസാരിച്ചിരുന്നു. തുടർന്ന് അധികൃതരുമായി സംസാരിച്ചെങ്കിലും രാത്രി വൈകിയും ഇവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
തമിഴ്നാട്ടിലെ റെഡ് സോണായ ചെന്നൈ, സേലം, കോയമ്പത്തൂർ, തിരിപ്പൂർ, മധുരൈ എന്നിവിടങ്ങളിലെ ആളുകളാണ് ഇവരിൽ ഏറെയും. കഴിഞ്ഞദിവസത്തെ പോലെ പാസില്ലാത്തവരെയും കടത്തിവിട്ടാൽ വരുംദിവസങ്ങളിലും ഇതേ പ്രവണത തുടരുമെന്നും അത് വലിയപ്രതിസന്ധിസൃഷ്ടിക്കുന്നും അധികൃതർ പറയുന്നു. കൂടുതൽ ജാഗ്രത വേണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശുക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ പാസില്ലാത്തവരെ കടത്തിവിടേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.