കോഴിക്കോട്: ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് മിഠായിത്തെരുവിലെ കട തുറന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീനെതിരെ ടൗൺ പൊലീസ് കേസെടുത്തു. കട തുറന്ന ഉടൻ പൊലീസ് അടപ്പിക്കുകയും ചെയ്തു.
മിഠായിത്തെരുവിൽ അവശ്യസാധനങ്ങളുടെ കടകൾ മാത്രം തുറക്കാനായിരുന്നു അനുമതി. ഇതിന് വിരുദ്ധമായി ഇദ്ദേഹത്തിന്റെ വസ്ത്രവ്യാപാരശാലയായ ബ്യൂട്ടി സ്റ്റോഴ്‌സ് ഇന്നലെ രാവിലെ ഒൻപതരയോടെ തുറന്നു. മിനുട്ടുകൾക്കകം ടൗൺ സ്റ്റേഷൻ ഹൗസ് സ്റ്റേഷൻ ഓഫീസർ എ.ഉമേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി കട അടപ്പിച്ചു. നസറുദ്ദീൻ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. അതേസമയം, ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനോട് പൊലീസ് അപമര്യാദയായി സംസാരിക്കുകയും അദ്ദേഹത്തെ തള്ളിവീഴ്ത്താൻ ശ്രമിക്കുകയും ചെയ്തതായി ജനറൽ സെക്രട്ടറി രാജു അപ്സര ആരോപിച്ചു. കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.