അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 1984 പേർ
വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവർ 130 പേർ
കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമായി തുടരുന്നതിനിടെ ഇന്നലെ ജില്ലയിൽ 405 പേർ കൂടി നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2,936 ആയി. ഉയർന്നു. ഇതിൽ 1984 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നു എത്തിയവരും 130 പേർ വിദേശങ്ങളിൽ നിന്നു വന്ന പ്രവാസികളുമാണ്.
ജില്ലയിൽ ഇതുവരെ 23,030 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയതായി ഡി.എം.ഒ ഡോ.വി.ജയശ്രീ പറഞ്ഞു. ഇന്നലെ വന്ന പത്തു പേർ ഉൾപ്പെടെ 22 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 5 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
ഇന്നലെ 42 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2385 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2234 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 2203 എണ്ണം നെഗറ്റീവാണ്. 151 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയായ പ്രവാസി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇയാൾ മേയ് 7 ന് ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയതായിരുന്നു.
മാനസിക സംഘർഷം കുറയ്ക്കാൻ മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 5 പേരെ ഇന്നലെ കൗൺസലിംഗിന് വിധേയരാക്കി. 122 പേർക്ക് ഫോണിലൂടെ സാന്ത്വനം പകർന്നു. 2763 സന്നദ്ധസേന പ്രവർത്തകർ 7679 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.