നാദാപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിന്റെ മറവിലും അക്രമം. വളയത്ത് ബി.ജെ.പി പ്രവർത്തകൻ കുളമുള്ള പറമ്പത്ത് രഞ്ജിത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായി. ഇന്നലെ പുലർച്ചെയാണ് സംഭവം. വീടിന്റെ മുകൾഭാഗത്ത് സ്റ്റെയർ കേസിനു മുകളിലായി ടാർപോളിൻ കൊണ്ടുള്ള മേൽക്കൂരയിലാണ് സ്റ്റീൽ ബോംബ് പതിച്ച് സ്ഫോടനമുണ്ടായത്. ബോംബ് ടാർപോളിനിടയിലൂടെ വീടിനകത്തേക്ക് വീഴാതിരുന്നതിനാൽ അപായം ഒഴിവായി. വീടിന്റെ പിൻഭാഗത്ത് നിന്നു പൊട്ടാതെ കിടന്ന നിലയിൽ ഒരു സ്റ്റീൽ ബോബ് കണ്ടെടുത്തിട്ടുമുണ്ട്.
വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ് സ്റ്റീൽ ബോംബ് കസ്റ്റഡിയിലെടുത്ത് നിർവീര്യമാക്കി..