lini

കോഴിക്കോട്: "ഇന്നിപ്പോൾ നഴ്‌സുമാർക്ക് നാടിന്റെ അംഗീകാരമുണ്ട്. സ്‌നേഹവും ബഹുമാനവും കരുതലുമുണ്ട്. ഇതെല്ലാം കിട്ടുന്നതിനു പിന്നിൽ വലിയൊരു നഷ്ടമുണ്ടായിട്ടുണ്ട്. ആ നഷ്ടമാണ് ഞങ്ങളുടെ ലിനിച്ചേച്ചി." അപ്രതീക്ഷിതമായെത്തി ഒരു നാടിനെയാകെ ഭീതിയിൽ നിറുത്തിയ മഹാമാരി നിപ്പയെ ചെറുക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ ലിനിയെക്കുറിച്ച് പറയുമ്പോൾ സഹപ്രവർത്തകയും കൂട്ടുകാരിയുമായ ജിൻസിക്ക് ശബ്ദമിടറും. പക്ഷെ കരയില്ല. അവധിക്കു ശേഷം പിഞ്ചുമകൻ തൻവികിനെ വീട്ടിലാക്കി കൊവിഡ് കാലത്ത് ജോലിക്കു പോകാൻ തയ്യാറെടുക്കുമ്പോൾ ജിൻസി പറയുന്നു. "എനിക്കു പേടിയില്ല... ഞങ്ങളൊക്കെ ആരോഗ്യ പ്രവർത്തകരല്ലേ..."

നിപ്പ കാലത്തിനു ശേഷം നഴ്‌സുമാരോടുള്ള സമൂഹത്തിന്റെ സമീപനം ഏറെ മാറി. അല്ലെങ്കിൽ ലിനി മാറ്റി. നഴ്സുമാരുടെ സേവനത്തെ അംഗീകരിക്കാൻ പലർക്കും മടിയായിരുന്നു. അർഹിക്കുന്ന വേതനം പോലും മിക്കവർക്കും ലഭിച്ചിരുന്നില്ല. പലയിടങ്ങളിലും ഇതിനെല്ലാം ഒരു പരിധിവരെ മാറ്റം വന്നതിനു പിന്നിൽ ലിനിയുടെ ജീവത്യാഗമുണ്ടെന്ന് ജിൻസി ഉറച്ചു വിശ്വസിക്കുന്നു. തന്റെ കർമമേഖലയ്ക്ക് ലിനി നൽകിയ സംഭാവന എന്താണെന്നു ചോദിക്കുമ്പോൾ ജിൻസി പറയുന്നു. "അത് നഴ്‌സുമാർക്ക് ഇപ്പോൾ ലഭിക്കുന്ന അംഗീകാരമാണ്."

ഒരു നഴ്‌സ് നേരിടുന്ന പ്രതിസന്ധികളെല്ലാം ലിനിയും നേരിട്ടിട്ടുണ്ട്. ലോണെടുത്ത് ബംഗളൂരുവിൽ നിന്ന് ബി.എസ്.സി നഴ്‌സിംഗ് പൂർത്തിയാക്കിയ ലിനി കുറഞ്ഞ വേതനത്തിലാണ് പല ആശുപത്രികളിലും ജോലി ചെയ്തത്. ഡെങ്കിപ്പനി പടർന്ന സമയത്താണ് ലിനി പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ദിവസവേതനക്കാരിയായി ജോലിക്കെത്തുന്നത്. അവിടെ ജോലിചെയ്യുന്നതിനിടെയാണ് നിപ്പ ബാധിച്ച യുവാവിനെ ശുശ്രൂഷിച്ചതിനെ തുടർന്ന് ലിനിക്കും രോഗബാധയേറ്റത്. ലിനിയുടെ അർപ്പണ മനോഭാവം നേരിട്ടറിഞ്ഞ ജിൻസി ഒരു വർഷത്തോളം ലിനിക്കൊപ്പം ജോലിചെയ്തിട്ടുണ്ട്. പനി മൂർച്ഛിച്ച് ലിനിയെ ആശുപത്രിയിലാക്കിയപ്പോൾ പരിചരിക്കാൻ ജിൻസിയും ഒപ്പമുണ്ടായിരുന്നു. ലിനിക്ക് ആദരമർപ്പിച്ച് റമിൻസ്‌ ലാൽ സംവിധാനം ചെയ്ത 'അവർ ലിനി' എന്ന ഹ്രസ്വചിത്രത്തിൽ ലിനിയായി അഭിനയിച്ചതും ജിൻസി തന്നെ!

ലിനിയും ഭർത്താവ് സജീഷും മക്കളായ സിദ്ധാർത്ഥും റിതുലും ഓരോ മലയാളിയുടെയും ഹൃദയത്തിൽ വേദനയായി അവശേഷിക്കുകയാണ്. ഈ മാസം 21ന് ലിനിയുടെ ഓർമകൾക്ക് രണ്ട് ആണ്ടു തികയും.