കോഴിക്കോട്: ലോക്ക് ഡൗണിൽ പ്ലസ്ടു മൂല്യ നിർണയ ക്യാമ്പുകൾ ആരംഭിക്കുവാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ മുഖ്യമന്ത്രിക്ക് കത്തയച്ചു. പൊതുഗതാഗത സംവിധാനമില്ലാത്ത ഘട്ടത്തിൽ മൂല്യനിർണയ ക്യാമ്പുകൾ 13 മുതൽ ആരംഭിക്കുവാനുള്ള നടപടി ശരിയല്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളെല്ലാം അടുത്ത അക്കാഡമിക് വർഷം സെപ്തംബറിലേ ആരംഭിക്കാൻ കഴിയൂ എന്ന നിഗമനത്തിലുള്ളപ്പോഴാണ് സംസ്ഥാന സർക്കാർ ഒരു വിഭാഗം അദ്ധ്യാപകരോട് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നത്. ഓരോ ക്യാമ്പിലും 300 മുതൽ 500 വരെ അദ്ധ്യാപകരെത്തും. സാമൂഹിക അകലം പാലിച്ച് മൂല്യനിർണയം നടത്താൻ കഴിയാത്തതിനാൽ സർക്കാർ തീരുമാനം പിൻവലിക്കണമെന്നും മുനീർ ആവശ്യപ്പെട്ടു.