spark

വടകര: ലോക്ക് ഡൗണിൽ കാരുണ്യവർഷം ചൊരിഞ്ഞ് 'സ്‌പാർക്കി"ന്റെ ചുറുചുറുക്കുള്ള ചെറുപ്പാക്കാർ കൈയടി നേടുന്നു. നാല് വർഷം മുമ്പാണ് സന്നദ്ധ സംഘടനയായ സ്‌പാർക്ക് ചോറോട് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. ലോക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ചോറോട് പഞ്ചായത്തിലെ വീടുകളിൽ അവശ്യക്കിറ്റെത്തിച്ച് കൊവിഡ് കാലത്തും സ്‌പാർക്കിന്റെ വോളണ്ടിയർമാർ മാതൃകയായി.

പ്രാഥമികഘട്ടത്തിൽ ക്വാറന്റെനിലുള്ളവരുടെ വീടുകളിലാണ് കിറ്റുകളെത്തിച്ചത്. തുടർന്ന് കോഴിക്കോടും വടകരയിലും നഗരത്തിലെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവർക്കും സർക്കാർ ക്യാമ്പുകളിലുള്ളവർക്കും വസ്ത്രം വിതരണംചെയ്യുന്നതായിരുന്നു അടുത്ത ദൗത്യം. വടകരയിലെ രണ്ട് ക്യാമ്പുകളിൽ ലോക്ഡൗൺ മുതൽ രാവിലെ മുടങ്ങാതെ കാപ്പി നൽകുന്നതും സ്‌പാർക്കാണ്.

പ്രദേശത്തെ കിടപ്പ് രോഗികളടക്കമുള്ളവര സ്വന്തം വാഹനങ്ങളിൽ വടകര, കോഴിക്കോട്, തലശേരി ആശുപത്രികളിൽ കൊണ്ട് പോവുന്ന പ്രവർത്തനമാണ് കോവിഡ് കാലത്ത് സ്പാർക്കിന്റെ മറ്റൊരു പ്രവർത്തനം. കൂടാതെ വിവിധയിടങ്ങളിൽ നിന്നും വിലകൂടിയ മരുന്നുകൾ വരെ ആവശ്യക്കാർക്കെത്തിക്കുന്നുണ്ട്.

വരൾച്ചബാധിത പ്രദേശങ്ങളിൽ കുടിവെള്ളവിതരണം, കിടപ്പ് രോഗികൾക്ക് മരുന്നും അനുബന്ധ ഉപകരണങ്ങളുമെത്തിക്കൽ, ഓപറേഷൻ ആവശ്യമായിട്ടുള്ളവർക്ക് സഹായം എന്നിവയും ചെയ്യുന്നുണ്ട്. പൊതുസ്ഥലത്ത് ജൈവകൃഷിയും ഗാർഹികകൃഷിയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. സംഘാംഗങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്കാണ് സ്‌പാർക്കിന്റെ പ്രവർത്തനത്തിന് വിനിയോഗിക്കുന്നത്. ലോക്ഡൗൺ കഴിഞ്ഞാലുടൻ പ്രകൃതിദുരന്തം, ആരോഗ്യസംബന്ധമായ അടിയന്തരഘട്ടം എന്നിവയെ നേരിടാനുള്ള ശാസ്ത്രീയ പരിശീലനം നൽകാനുള്ള തയ്യാറെടുപ്പിലാണ് സംഘടന. സന്നദ്ധസേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി സ്‌പാർക്ക് ചോറോട് ചാരിറ്റബിൾ ട്രസ്റ്റിന് ഓഫീസും പരിപാടികൾ സംഘടിപ്പിക്കാൻ വലിയ ഹാളുമുണ്ട്. കെ.കെ. ബിവീഷ് (ചെയർമാൻ), മുഹമ്മദ് അജിനാസ് (ജനറൽ സെക്രട്ടറി), ഇ.എം.രൂപേഷ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി വിപുലമായ കമ്മിറ്റിയാണ് സ്‌പാർക്കിനെ നയിക്കുന്നത്.