kerala-police

കോഴിക്കോട്: ജനങ്ങളുടെ സുരക്ഷയ്‌ക്ക് രാപ്പകലില്ലാതെ പണിയെടുക്കുന്ന പൊലീസുകാർക്ക് ആശ്വാസത്തിന്റെ ഇത്തിരി വെട്ടമാണ് അനിൽകുമാറിനെ പോലുള്ളവരുടെ കരുതൽ. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ കക്കോടിയിലെ പൊലീസ് പിക്കറ്റ് പോസ്റ്റിലുള്ളവർക്ക് പ്രഭാത ഭക്ഷണവുമായി അനിൽകുമാറെത്തും. പത്തിരി, പുട്ട്, പൂരി, കറി ദിവസവും വ്യത്യസ്ത വിഭവങ്ങൾ. കൂട്ടത്തിൽ ചൂടുള്ള ചായയും. മിക്കപ്പോഴും മൂന്നോ നാലോ പൊലീസുകാർക്ക് ഭക്ഷണം നൽകേണ്ടി വരും. നടുവിൽ പൂവത്തൂരിലെ വീട്ടിൽ നിന്ന് തയ്യാറാക്കുന്ന ഭക്ഷണവുമായി സ്‌കൂട്ടറിലാണ് കക്കോടിയിലെത്തുന്നത്. പൊലീസുകാരെ കൂടി ശ്രദ്ധിക്കണം എന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് പ്രചോദനമായതെന്ന് അനിൽകുമാർ പറയുന്നു. അനിൽകുമാറിന്റെ സേവനം വലിയ ആശ്വാസമാണെന്ന് പൊലീസും. അനിൽ കുമാറിന് നന്ദി അർപ്പിച്ച് പൊലീസ് തയ്യാറാക്കിയ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്.