calicut-uni

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ ഓഡിറ്റോറിയം, സെനറ്റ് ഹൗസ്, സെമിനാർ കോംപ്ലക്‌സ്, ടാഗോർ നികേതൻ സെമിനാർ ഹാൾ, കോഹിനൂർ ഗ്രൗണ്ട് എന്നിവയുടെ ഉപയോഗം സംബന്ധിച്ച് പുതിയ മാർഗരേഖയായി.
സെനറ്റ് യോഗം, അക്കാദമിക് കൗൺസിൽ യോഗം, യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് എന്നിവക്ക് മാത്രമേ ഇനി സെനറ്റ് ഹൗസ് അനുവദിക്കുകയുള്ളൂ. ഓഡിറ്റോറിയം, സെമിനാർ കോംപ്ലക്‌സ്, ടാഗോർ നികേതൻ ഹാൾ എന്നിവ സർവകലാശാലയുടെ ഔദ്യോഗിക പരിപാടികൾക്കും സംഘടനകളുടെ പരിപാടികൾക്കും വിട്ടുനൽകും. ഔദ്യോഗിക പരിപാടികൾക്കൊഴിച്ച് മറ്റെല്ലാറ്റിനും സൗണ്ട് സിസ്റ്റം ഉപയോഗിക്കാൻ ചാർജ്ജ് ഈടാക്കും.

സെമിനാർ കോംപ്ലക്‌സ്, ടാഗോർ നികേതൻ തുടങ്ങിയവ സ്വകാര്യ ആവശ്യങ്ങൾക്കായി നൽകില്ല. ഓഡിറ്റോറിയം, കോഹിനൂർ ഗ്രൗണ്ട് എന്നിവ അനുവദനീയമായ പരിപാടികൾക്ക് ചാർജ്ജ് ഈടാക്കിയ ശേഷം നൽകും. ഓഡിറ്റോറിയത്തിന് 11,025 രൂപയാണ് വാടക. കോഹിനൂർ ഗ്രൗണ്ടിന് 27,565 രൂപയും ഈടാക്കും.
ഓഡിറ്റോറിയം, സെമിനാർ കോംപ്ലക്‌സിന്റെ നോൺ എ.സി സൈഡ് ഹാൾ എന്നിവ ജീവനക്കാരുടെ യാത്രയയപ്പ്, സാംസ്‌കാരിക പരിപാടികൾ എന്നിവയ്ക്ക് സൗജന്യമായി നൽകും. പെൻഷൻകാരുടെയും സൊസൈറ്റികളുടെയും വാർഷിക ജനറൽ ബോഡി യോഗങ്ങൾക്കും ഓഡിറ്റോറിയം സൗജന്യമായി നൽകും. ഡി.എസ്.യു, യൂണിവേഴ്‌സിറ്റി യൂണിയൻ എന്നിവയുടെ പരിപാടികൾക്ക് സെമിനാർ കോംപ്ലക്‌സ്, ഓഡിറ്റോറിയം എന്നിവയും സൗജന്യമായി നൽകും.
സർവകലാശാല കാമ്പസിൽ ഷൂട്ടിംഗ് നടത്തുന്നതിന് പ്രതിദിന വാടക 50,000 രൂപയാണ്.