sm

കോഴിക്കോട്: നീണ്ട ഇടവേള പിന്നിട്ട് മിഠായിത്തെരുവിന് വീണ്ടും ജീവൻ വെക്കുന്നു. ഇവിടത്തെ കടകൾ കർശന നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ തുറക്കാൻ ജില്ല കളക്ടർ എസ്.സാംബശിവറാവുവിന്റെ അനുമതിയായി.

രണ്ടിൽ കൂടുതൽ നിലകളുള്ള ഷോപ്പിംഗ് സെന്ററുകൾ ഒഴികെയുള്ളവയാണ് തുറക്കുക. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തനസമയം. ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം. ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്‌തീർണം സംബന്ധിച്ച ഡിക്ലറേഷൻ പൊലീസിന് സമർപ്പിക്കണം. ഇതിനു ശേഷമേ കട തുറക്കാവൂ.

സാധനം വാങ്ങാനല്ലാതെ ആർക്കും എസ്.എം.സ്ട്രീറ്റിൽ പ്രവേശനമില്ല. ഇക്കാര്യം പൊലീസ് കവാടത്തിൽ പരിശോധിക്കും. ബില്ല് ഹാജരാക്കത്തവർക്കെതിരെ നടപടിയുണ്ടാവും. നിബന്ധനകൾ ലംഘിക്കുന്ന കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കുമെതിരെ നിയമനടപടി സ്വീകരിക്കും. കടകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

ജില്ലയിലെ മൊത്ത തുണിവ്യാപാര കേന്ദ്രങ്ങൾ ബഹുനില കെട്ടിടത്തിലായാലും തുറക്കാം. എന്നാൽ ഇവിടെ ഉപഭോക്താക്കൾക്ക് മെഡിക്കൽ സ്‌ക്രീനിംഗ് സംവിധാനം ഒരുക്കണം. കടയുടെ വിസ്തീർണത്തിനനുസരിച്ചേ ആളെ പ്രവേശിപ്പിക്കൂ. 50 സ്‌ക്വയർ ഫീറ്റിൽ ഒരാൾ എന്ന നിലയിലാണ് പ്രവേശനം. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ഓരോ കടയിലും പ്രദർശിപ്പിക്കണം.

'ബ്രെയ്ക് ദ ചെയിൻ" കിയോസ്കിനുള്ള സാധനങ്ങളും ഒരുക്കണം. കടകളിലെ സി.സി.ടി.വി പൂർണമായും പ്രവർത്തനസജ്ജമാക്കണം. തിരക്ക് വിശകലനം ചെയ്യാൻ ഇവ പരിശോധനയ്‌ക്ക് വിധേയമാക്കും.

 തീരുമാനം ചർച്ചയ്ക്ക് പിറകെ

കച്ചവടക്കാരും വ്യാപാരി സംഘടനകളും നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എ മാരായ എ.പ്രദീപ് കുമാർ, എം.കെ. മുനീർ, വി.കെ.സി. മമ്മദ് കോയ, പാറക്കൽ അബ്ദുല്ല, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്. ജില്ലാ പൊലീസ് മേധാവി എ.വി. ജോർജ്, സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

1.വെറുതെ സവാരി പാടില്ല

2.മടക്കം ബിൽപരിശോധന

3.ബഹുനിലകളിൽ വിലക്ക്