കൽപ്പറ്റ: മാനസിക- ശാരീരിക വെല്ലുവിളിനേരിടുന്ന സ്ത്രീയെ അടിയന്തിരമായി പരിശോധിച്ച് വികലാംഗ സർട്ടിഫിക്കറ്റ് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വയനാട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
പുൽപ്പള്ളി തിരുമുഖത്ത് കോളനിയിൽ താമസിക്കുന്ന ശോഭയ്ക്ക് സർട്ടിഫിക്കറ്റ് നൽകാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഡി.എം.ഒ യ്ക്ക് നിർദ്ദേശം നൽകിയത്.
സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ വികലാംഗ പെൻഷൻ ലഭ്യമാക്കണമെന്ന് കമ്മീഷൻ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകി.
ചുള്ളിയോട് സ്വദേശിനി കെ.എ.പാർവ്വതി നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവിന്റെ സഹോദരിയാണ് ശോഭ.
കമ്മീഷൻ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്ന് റിപ്പോർട്ട് വാങ്ങി. പെൻഷൻ ലഭിക്കുന്നതിനുളള അപേക്ഷ ലഭിച്ചില്ലെന്നായിരുന്നു മറുപടി എന്നാൽ വികലാംഗ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ജില്ലാ ആശുപത്രിയിൽ നൽകിയിട്ടുണ്ടെന്നും ഇതുവരെ നടപടിയായിട്ടില്ലെന്നും പരാതിക്കാരി അറിയിച്ചു. തുടർന്നാണ് ഉത്തരവ് ഉണ്ടായത്.