കൽപ്പറ്റ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ മുൻകരുതലുകളുമായി ജില്ലാ ആരോഗ്യ വകുപ്പ്. മുതിർന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിവേഴ്സ് ക്വാറന്റൈൻ സംവിധാനം തുടങ്ങുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉളളവരെ മറ്റുള്ളവരിൽനിന്ന് മാറ്റി പാർപ്പിച്ച് കൊറോണ വൈറസ് വയോജനങ്ങളിൽ നിന്ന് തടയുന്നതിനാണ് റിവേഴ്സ് ക്വാറന്റൈൻ സജ്ജമാക്കുന്നത്.

60 വയസ്സിനു മുകളിലുളള മുതിർന്ന പൗരൻമാർ, അനിയന്ത്രിതമായ പ്രമേഹ രോഗമുളളവർ, അനിയന്ത്രിതമായ രക്താതിസമ്മർദ്ദമുളളവർ, രോഗപ്രതിരോധശേഷി കുറഞ്ഞ എല്ലാ പ്രായത്തിലുമുളളവർ, രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നു കഴിക്കുന്ന എല്ലാ പ്രായത്തിലുമുളളവർ, അടുത്തിടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ഗർഭിണികൾ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ, ശ്വാസകോശ സംബന്ധമായ അസുഖമുളള എല്ലാ പ്രായത്തിലുമുളളവർ തുടങ്ങിയവർക്കാണ് റിവേഴ്സ് ക്വാറന്റൈൻ.
ഇവർ പാലിക്കേണ്ട മുൻകരുതലുകൾ:
എപ്പോഴും മാസ്‌ക് ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകണം. ബെഡ് ഷീറ്റ്, ടൗവ്വൽ, പാത്രം, ഗ്ലാസ് മുതലായവ കുടുംബാംഗങ്ങളുമായി പങ്കിടരുത്. പ്രത്യേക ശുചിമുറി ഉപയോഗിക്കണം. ജീവിത ശൈലി രോഗമുള്ളവർ അവരുടെ മരുന്നുകൾ ഒരു മാസത്തേക്ക് വാങ്ങി സൂക്ഷിക്കണം, പുറത്തു പോകുന്നത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം. സാമൂഹിക അകലം പാലിക്കണം. പതിവ് പരിശോധനകൾക്കായി ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കണം. ടെലി മെഡിസിൻ സേവനം പ്രയോജനപ്പെടുത്തണം.

ചെക്ക് പോസ്റ്റിൽ നിയമിച്ചു
കൽപ്പറ്റ: കേരള കർണ്ണാടക അതിർത്തിയായ മൂലഹള്ളി ചെക്ക്‌പോസ്റ്റിൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയമിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ വരവ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് വൈത്തിരി അഡീഷണൽ തഹസിൽദാർ ബി.അഫ്സലിനെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയമിച്ചത്. കളക്‌ട്രേറ്റ് ജൂനിയർ സൂപ്രണ്ട് എൻ.പ്രിയയെ ലക്കിടിയിൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റായും നിയമിച്ചു.

ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു
മുത്തങ്ങ പ്രീ മെട്രിക് ഹോസ്റ്റലിൽ പുതുതായി ഒരുക്കിയ ഫെസിലിറ്റേഷൻ സെന്ററിന്റെ ചാർജ് ഓഫീസറായി വൈത്തിരി ഡെപ്യൂട്ടി തഹസിൽദാർ കെ.ജി.രണകുമാറിനെ നിയമിച്ചു. നിലവിലുള്ള മുത്തങ്ങ മിനി ആരോഗ്യ കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കുന്നതിനായാണ് കല്ലൂരിൽ പുതിയ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചത്. ഇവിടേക്ക് ആവശ്യമായ ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

വീട്ടിൽ ക്വാറന്റൈനിൽ കഴിയാം
കൽപ്പറ്റ: ഇതര സംസ്ഥാനങ്ങളിലെ റെഡ് സോൺ ജില്ലകളിൽ നിന്ന് അതിർത്തി കടന്നെത്തുന്ന 75 വയസിന് മുകളിലുള്ള മുതിർന്ന പൗരൻമാരും 10 വയസിൽ താഴെയുള്ള കുട്ടികളും 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കളും വീടുകളിൽ കഴിഞ്ഞാൽ മതി. ഗർഭിണികളും അവരോടൊപ്പമെത്തുന്ന ഭർത്താവും കുട്ടികളും വീടുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടതാണെന്നും നിർദ്ദേശിച്ചു.

ക്വാറന്റൈനിൽ കഴിയുന്നവർ സമ്പർക്കം ഒഴിവാക്കണം
വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുന്നവർ മറ്റുള്ളവരുമായുള്ള സമ്പർക്കത്തിൽ ഏർപ്പെടരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സന്ദർശകരെ പൂർണ്ണമായും ഒഴിവാക്കണം. മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കണം. സാധന സാമഗ്രികളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പങ്കിടരുത്. മുഴുവൻ സമയവും സുരക്ഷിതമായ മാസ്‌ക് ധരിക്കണം. താമസിക്കുന്ന മുറിയിൽ നിന്ന് പുറത്ത് പോകരുത്. പരിസരം വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ സ്വയം കഴുകി സ്വന്തമായി സൂക്ഷിക്കണം. ഉപയോഗിക്കുന്ന വസ്ത്രങ്ങൾ സ്വയം കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കണം.

മാലിദ്വീപിൽ നിന്ന് 7 പേർ തിരിച്ചെത്തി
കൽപ്പറ്റ: മാലിദ്വീപിൽ നിന്ന് ഏഴ് പേർ ജില്ലയിലെത്തി. ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി ഏർപ്പെടുത്തിയ കപ്പലിലാണ് ഇവർ കേരളത്തിലെത്തിയത്. എറണാകുളത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ ഇവരെ കൽപ്പറ്റയിലെത്തിച്ചു. ആറ് പുരുഷൻമാരും ഒരു സ്ത്രീയുമാണ്. എല്ലാവരെയും കൽപ്പറ്റയിൽ ക്വാറന്റൈൻ സെന്ററിൽ പാർപ്പിച്ചു.
കോലാലമ്പൂർ കൊച്ചി വിമാനത്തിൽ ഇന്നലെ എറണാകുളത്തെത്തിയ വയനാട്ടുകാരിയെ ഇന്ന് രാവിലെ കൽപ്പറ്റയിലെത്തിച്ച് ക്വാറന്റൈൻ സെന്ററിൽ പാർപ്പിച്ചു.