നെൻമേനി പഞ്ചായത്തും ഹോട്ട്സ്‌പോട്ട്

കൽപ്പറ്റ: ജില്ലയിൽ കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. ആവശ്യമെങ്കിൽ നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയ പ്രദേശങ്ങൾക്ക് പുറമേ മറ്റിടങ്ങളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും കരട് നിർദ്ദേശാനുസരണമാണ് ജില്ലാഭരണകൂടം ഇക്കാര്യത്തിൽ നടപടിയെടുക്കുക. നെൻമേനി പഞ്ചായത്തിനെ കൂടി ഹോട്സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള അറിയിച്ചു.
മുത്തങ്ങ അതിർത്തി വഴി യാത്രാപാസ് കൈവശമുള്ളവരെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുകയുളളുവെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ എത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പ് വരുത്തും. മതിയായ പാസില്ലാതെ എത്തുന്നത് നിരീക്ഷണ സംവിധാനമൊരുക്കുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നടത്തുന്ന കോവിഡ് കെയർ സെന്ററുകളിൽ മികച്ച സൗകര്യമാണ് ഒരുക്കിയിട്ടുളളത്. നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളുടെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റുമാരുമായി ജനപ്രതിനിധികൾ ആശയവിനിമയം നടത്തും. അതത് നിയോജകമണ്ഡലം എം.എൽ.എമാരുടെ നേതൃത്വത്തിലാണ് ആശയവിനിമയം നടത്തുക. ജില്ലയിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും മറ്റ് ആരോഗ്യവകുപ്പ് ജീവനക്കാരുടെയും മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലും ഇടപെടലുകൾ നടത്തും.
യോഗത്തിൽ എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ, എ.ഡി.എം തങ്കച്ചൻ ആന്റണി, ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രം)

6 കൗണ്ടറുകൾ കൂടി തുറന്നു

ദിവസം 800 പേർക്ക് പ്രവേശനം
കൽപ്പറ്റ: അയൽ സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി ഇന്ന് മുതൽ ദിവസേന 800 പേരെ പ്രവേശിപ്പിക്കുന്നതിനുളള സജ്ജീകരണങ്ങൾ ഒരുക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ നാനൂറ് പേർക്കാണ് പ്രവേശനം നൽകുന്നത്. പരിശോധനാ കേന്ദ്രത്തിൽ ആറ് കൗണ്ടറുകൾ കൂടി സ്ഥാപിച്ചതിനെ തുടർന്നാണ് കൂടുതൽ ആളുകൾക്ക് പ്രവേശനം നൽകുന്നത്. യാത്രാപാസിന്റെ സമയപരിധി കഴിഞ്ഞവർക്ക് പുതുക്കുന്നതിന് വെബ്‌സൈറ്റിൽ ക്രമീകരണം വരുത്തിയിട്ടുണ്ട്. അയൽ സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തുന്നവർ ആരോഗ്യസേതു അപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.


ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ്
കൽപ്പറ്റ: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ലോറി ഡ്രൈവറുടെ തിരുനെല്ലി പഞ്ചായത്ത് പനവല്ലിയിൽ താമസിക്കുന്ന മകളുടെ ഒരു വയസ് പ്രായമുളള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

രോഗലക്ഷണം പ്രകടിപ്പിച്ചിരുന്നതിനാൽ കുട്ടിയെ നേരത്തെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 145 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവിൽ ജില്ലയിൽ 1855 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ പതിനാറ് പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. അതേസമയം തിങ്കളാഴ്ച്ച 42 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലയിൽ നിന്ന് ഇതുവരെ 713 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 651 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 641 എണ്ണം നെഗറ്റീവ് ആണ്. 57 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 845 സർവൈലൻസ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 623 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 222 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


അമിത വിലയീടാക്കിയാൽ കടുത്ത നടപടി
കൽപ്പറ്റ: സിമന്റ് ഉൾപ്പെടെയുളള നിർമ്മാണ സാഗ്രികൾക്ക് അമിത വിലയീടാക്കിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അവശ്യ വസ്തുക്കളു മറ്റും നിശ്ചയിച്ച നിരക്കിലും കൂടിയ വിലയിൽ വിൽപന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിടുണ്ട്. കടകളിൽ പരിശോധ ശക്തിപ്പെടുത്തുന്നതിനായി അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.